ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കി രജപുത്ര സമുദായം. ബി.ജെ.പി രജപുത്ര ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമുദായത്തിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
എക്‌സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പിയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. രജപുത്ര ബോയ്‌കോട്ട് ബി.ജെ.പി എന്ന ഹാഷ് ടാഗിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനപ്പിച്ചിരിക്കുന്നത്.
ഗുജറാത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പര്‍ഷോത്തം രൂപാലയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് രജപുത്ര സമുദായത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗുജറാത്തിലും യു.പിയിലും രാജസ്ഥാനിലും രജപുത്ര പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.
യു.പിയിലെ മുസഫര്‍നഗറില്‍ ഏപ്രില്‍ 18ന് നടന്ന രജപുത്രയുടെ മഹാപഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ സമുദായത്തിന് സീറ്റ് നല്‍കിയില്ലെന്നായിരുന്നു പ്രതിഷേധത്തിനുള്ള പ്രധാന കാരണം.
ഇതിന് പുറമേ പര്‍ഷോത്തം രൂപാലയുടെ വിവാദ പരാമര്‍ശങ്ങളും അഗ്നിവീര്‍ പദ്ധതിയും മഹാപഞ്ചായത്തില്‍ ചര്‍ച്ചയായി. രജപുത്ര സമുദായത്തിന്റെ ചരിത്രം വളച്ചൊടിക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
സാമ്രാട്ട് മിഹിര്‍ ഭോജ്, അനംഘ്പാൽ തോമര്‍ ഉള്‍പ്പടെയുള്ള ചരിത്രപുരുഷന്‍മാരുടെ രജപുത്രസ്വത്വം തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. രജപുത്ര, യാദവ വോട്ടര്‍മാരെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ആരോപണം ഉയര്‍ന്നു.