അക്കാര്യത്തില്‍ ഡി.ക്യു മമ്മൂക്കയെ പോലെ തന്നെ, സ്‌പോട്ടിലാണ് മറുപടി: രജിഷ വിജയന്‍
Film News
അക്കാര്യത്തില്‍ ഡി.ക്യു മമ്മൂക്കയെ പോലെ തന്നെ, സ്‌പോട്ടിലാണ് മറുപടി: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th June 2023, 11:30 am

വര്‍ഷങ്ങളായി മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായിരുന്ന സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രമാണ് മധുര മനോഹര മോഹം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ദുല്‍ഖറിനൊപ്പം താന്‍ ഒരു ചിത്രം പോലും ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം വലിയ പിന്തുണയാണ് തന്നത് എന്ന് പറയുകയാണ് സ്റ്റെഫി സേവ്യര്‍.

ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്ത് തരാനായി മെസേജ് ചെയ്തപ്പോള്‍ തന്നെ അദ്ദേഹം റിപ്ലെ ചെയ്‌തെന്നും അത് ലോഞ്ച് ചെയ്തു തന്നുവെന്നും സ്‌റ്റെഫി പറഞ്ഞു. ചിത്രത്തിലെ നായിക രജിഷ വിജയനൊപ്പം കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റെഫി.

‘ഫഹദിനും ദുല്‍ഖറിനുമൊപ്പം വര്‍ക്ക് ചെയ്തിട്ടില്ല. ആന്‍മരിയ കലിപ്പിലാണ് ചെയ്യുമ്പോള്‍ ദുല്‍ഖറിന്റെ ഗസ്റ്റ് റോള്‍ ഉണ്ട്. കോസ്റ്റ്യൂം റെഫറന്‍സ് കൊടുത്തതുകൊണ്ട് ചെന്നൈയില്‍ നിന്ന് വന്നപ്പോഴേ അതും കൊണ്ടാണ് ദുല്‍ഖര്‍ വന്നത്. പക്ഷേ നമ്മുടെ ഐഡിയ അതിലുണ്ട്.

ദുല്‍ഖറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ലെങ്കിലും എന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അദ്ദേഹമാണ് ലോഞ്ച് ചെയ്തത്. അങ്ങനെ അദ്ദേഹത്തെ അറിയാം. സിനിമയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തപ്പോഴാണെങ്കിലും കണ്ടിട്ട് എനിക്ക് റിപ്ലേ അയച്ചു.

ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഒരു പടം ചെയിതിട്ടില്ല. ഒരു ടെക്‌നീഷ്യനായ എന്നെ അദ്ദേഹത്തിന് അറിയാമോ എന്ന് പോലും എനിക്കറിയില്ല. ഹായ് ബൈ പറഞ്ഞിട്ടുണ്ടെന്നുള്ളതല്ലാതെ പരിചയമില്ല. പക്ഷേ എന്റെ ആദ്യ സിനിമയാണ്, ഫസ്റ്റ് ലുക്ക് ഒന്ന് ലോഞ്ച് ചെയ്തു തരുമോ എന്ന് ചോദിക്കുമ്പോള്‍ തന്നെ സ്‌പോട്ടില്‍ എനിക്ക് റിപ്ലെ വന്നു. നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,’ സ്റ്റെഫി പറഞ്ഞു.

മെസേജ് അയച്ചാല്‍ അപ്പോള്‍ തന്നെ റിപ്ലേ തരുന്ന ആക്ടറാണ് ഡി.ക്യുവെന്നും അക്കാര്യത്തില്‍ മമ്മൂക്കയെ പോലെ തന്നെയാണെന്നും രജിഷയും പറഞ്ഞു.

ജൂണ്‍ 16നാണ് മധുര മനോഹര മോഹം റിലീസ് ചെയ്യുന്നത്. രജിഷക്ക് പുറമേ ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: rajisha vijayan and stephy xaviour about dulquer salmaan