Entertainment news
അഭ്യൂഹങ്ങള്‍ക്ക് വിട; രജനി-നെല്‍സണ്‍ ചിത്രം ജയിലറിന്റെ ചിത്രീകരണ തിയതി പുറത്തുവിട്ട് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 09, 11:00 am
Tuesday, 9th August 2022, 4:30 pm

തമിഴ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ രജനികാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിങ് ഓഗസ്റ്റ് പത്തിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന നടി രമ്യ കൃഷ്ണനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഓഗസ്റ്റ് പത്തിന് ജയിലറിന്റെ ഷൂട്ടിങ്ങ് തുടങ്ങും ഞാന്‍ അതില്‍ ഒരുപാട് ആകാംക്ഷയിലാണ്’ രമ്യ കൃഷ്ണന്‍ പിങ്ക് വില്ലയോട് പറഞ്ഞു. രജനിയും രമ്യയും പ്രധാന വേഷത്തില്‍ എത്തി 1999ല്‍ പുറത്തുവന്ന പടയപ്പ തമിഴിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

അതേസമയം വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍, ചിത്രത്തില്‍ വമ്പന്‍ താരനിരായാണ് അണിനിരക്കുന്നത് എന്നാണ് സൂചന.

കന്നഡ നടന്‍ ശിവരാജ്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ജയിലര്‍’ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

2021ല്‍ ഇറങ്ങിയ ‘അണ്ണാത്തെ’യാണ് രജനികാന്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ശിവ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയാണ് തിയേറ്റര്‍ വിട്ടത്. കാലങ്ങള്‍ക്ക് ശേഷം എത്തുന്ന രജനി ചിത്രം എന്ന നിലയിലും രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച ശേഷം എത്തുന്ന ചിത്രം എന്ന നിലയിലും ജയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം രജനികാന്ത് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലന്നായിരുന്നു രജനികാന്ത് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണെന്ന പ്രചരണം വ്യാജമാണന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Rajinikanth will start Nelson Dilipkumar’s Jailer shooting on this date