കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ ടി.വി. രാജേഷ് എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസമില്ലെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സുകുമാരന്‍ വ്യക്തമാക്കി. രാജേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.[]
ഇപ്പോള്‍ നിയമസഭ സമ്മേളിക്കാത്തതിനാല്‍ മറ്റ് തടസങ്ങളില്ല. സ്പീക്കറെ അറിയിക്കണമെന്ന നടപടി മാത്രമാണുള്ളത്. രാജേഷിന് കോടതിയിലോ സ്റ്റേഷനിലോ കീഴടങ്ങുകയോ പോലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ ചെയ്യാം. കേസുമായി ബന്ധപ്പെട്ട് രേജഷ് എറണാകുളത്താണെന്നാണ് വിവരമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
കേസില്‍ രാജേഷിനെക്കൂടാതെ നാലു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്ത ശേഷം കേസിന്റെ സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെയും ടി.വി. രാജേഷിന്റേയും ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി തള്ളിയത്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.