രാജീവ് ഗാന്ധി വധക്കേസ്; മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; ഗവര്‍ണറോട് ആവശ്യപ്പെടും
Kerala News
രാജീവ് ഗാന്ധി വധക്കേസ്; മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; ഗവര്‍ണറോട് ആവശ്യപ്പെടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th September 2018, 7:52 pm

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് ഗവര്‍ണറോട് ഈക്കാര്യം ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

കേസില്‍ എഴുപ്രതികളെയും വെറുതെ വിടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാറിന് ഗവര്‍ണറെ സമീപിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് നടപടി.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, നവീണ്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നടപടി.

Also Read പെട്രോള്‍ വില 90 ലേക്ക്; ബി.ജെ.പിയുടെ അച്ഛാ ദിന്‍ എന്ന് ശിവസേന

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബര്‍ 30ന് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. രണ്ടുവര്‍ഷത്തിനിപ്പുറവും ഹര്‍ജിയില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പേരറിവാളന്‍ ആഗസ്റ്റ് 20ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

രാജീവ്ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബിനായി 9വോള്‍ട്ട് ബാറ്ററി നല്‍കിയെന്ന ആരോപണമാണ് പേരറിവാളനെതിരെയുണ്ടായിരുന്നത്.

“ജയില്‍ നിയമപ്രകാരം ജീവപര്യന്തം തടവ് എന്നത് ഏറ്റവും കൂടിയത് 20 വര്‍ഷത്തെ തടവുശിക്ഷയാണ്. അതിനുശേഷം തടവുപുള്ളിയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറുള്ളത്. എന്റെ കാര്യത്തില്‍ ഇതിനകം തന്നെ ജീവപര്യന്തം ശിക്ഷയേക്കാള്‍ കൂടുതല്‍ അനുഭവിച്ചുകഴിഞ്ഞു.” എന്നായിരുന്നു പേരറിവാള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.

പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചതിനു പിന്നാലെ 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികളെ വെറുതെ വിടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലാവുമെന്ന് ആഗസ്റ്റ് 10ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു.