ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
ഐ.പി.എല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി രാജസ്ഥാന്‍ റോയല്‍സിന് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വ്യക്തിഗതമായ കാരണങ്ങളാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപ ഐ.പി.എല്ലില്‍ നിന്നും പിന്‍മാറുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഈ സീസണില്‍ 1.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ഓസ്‌ട്രേലിയന്‍ സ്പിന്നറെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ താരം ഐ.പി.എല്ലില്‍ കളിക്കില്ലെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആറുമത്സരങ്ങളിലാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ കളിച്ചത്. ഇതില്‍ 8.54 എക്കണോമിയില്‍ എട്ട് വിക്കറ്റുകള്‍ ആണ് താരം നേടിയത്.
ഇതിനുമുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും താരം പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയം ലീഗില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 20 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകളാണ് താരം നേടിയത്.
ഇതിനുമുമ്പ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ പ്രസീത് കൃഷ്ണയും പരിക്കേറ്റ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പുറത്തായിരുന്നു. ടീം ഇതുവരെ ഈ രണ്ടു താരങ്ങള്‍ക്കുമുള്ള പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല.