ശ്രീലങ്കക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടു എന്നതാണ് ആരാധകർക്ക് സന്തോഷം നൽകുന്ന പ്രധാനപ്പെട്ട കാര്യം. എന്നാൽ ഏകദിന ടീമിൽ സഞ്ജുവിന് സെലക്ടർമാർ സ്ഥാനം നൽകിയില്ല.
സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ.രാഹുൽ എന്നിവർ ഉൾപെടാത്ത ടി-20 ടീമിനെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. സൂര്യകുമാർ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
കേരളത്തെ നയിക്കുന്ന സഞ്ജുവിന് ഇതുവരെ മൂന്ന് അർധ സെഞ്ച്വറികൾ നേടാൻ സാധിച്ചിരുന്നു. ഇപ്പോൾ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. സാങ്കേതിക തികവും കഴിവുമുള്ള ബാറ്ററാണ് സഞ്ജു എന്നാണ് സംഗക്കാര പറഞ്ഞത്.
”സഞ്ജു കാര്യങ്ങൾ സിംപിളായി കാണണം. ഇപ്പോൾ ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഐ.പി.എല്ലും ഇന്ത്യക്ക് വേണ്ടിയുള്ള മത്സരങ്ങളും വരാനിരിക്കുന്നു. സഞ്ജുവിനെ ഏൽപ്പിച്ച ജോലി എന്താണോ, അത് ഭംഗിയായി ചെയ്യാൻ ശ്രമിക്കുക. ഏൽപ്പിച്ച ജോലി എങ്ങനെ തീർക്കണമെന്ന് വ്യക്തമായ കാഴ്ച്ചപാട് ഉണ്ടായിരിക്കണം.
ബാറ്റിങ് ഓർഡറിൽ പലയിടങ്ങളിലായി ബാറ്റ് ചെയ്യേണ്ടിവരും. എന്നാൽ ഏത്, പൊസിഷനിൽ ബാറ്റ് ചെയ്താലും അവിടെയെല്ലാം തിളങ്ങാനുള്ള കഴിവ് സഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ എന്തു ചെയ്യാനാകുമെന്ന് സഞ്ജു കാണിച്ചുകൊടുക്കണം. കാരണം അവന്, പ്രത്യേക കഴിവ് തന്നെയുണ്ട്., സംഗക്കാര വ്യക്തമാക്കി.
അതേസമയം യുവതാരങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരിക്കുന്ന ടി-20 ടീമിന്റെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും മാധ്യമ പ്രവർത്തകനുമായ ഹർഷ ഭോഗ്ലേ അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ 2024 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിന്റെ അടിസ്ഥാനം യുവതാരങ്ങൾ ഉൾപ്പെട്ട ഈ ടീമായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“നിലവിൽ പ്രഖ്യാപിക്കപ്പെട്ട ടി-20 ടീമിന്റെ പ്രകടനം എന്തായിരിക്കുമെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. വളരെയധികം ആകാംക്ഷയും ആവേശവും ഉണർത്തുന്ന ടീമാണിത്. 2024ലെ ലോകകപ്പ് സ്‌ക്വാഡിന്റെ അടിസ്ഥാനം ഈ ടീമിൽ നിന്നുമായിരിക്കും,’ ഭോഗ്ലേ ട്വീറ്റ് ചെയ്തു.
“ഇഷാൻ കിഷനും സഞ്ജുവും പന്തിനെ മറികടന്നിരിക്കുന്നു. ഇത് നടക്കുമെന്നെനിക്ക് ഉറപ്പായിരുന്നു. ഇഷാൻ, ഋതുരാജ്, സാംസൺ, സൂര്യകുമാർ യാദവ് എന്നിവർ ചേരുന്ന ടോപ്പ് ഫോർ ഗംഭീരമാണ്. രജത്ത് പാട്ടിദാർ, ദീപക് ഹൂഡയുമായും രാഹുൽ ത്രിപാഠിയുമായും നല്ലൊരു മത്സരം കാഴ്ച വെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ഭോഗ്ലെ കൂട്ടിച്ചേർത്തു.