കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സിംബാബ്‌വേ മത്സരത്തില്‍ ഏകപക്ഷീയമായിട്ടായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 41 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് സിംബാബ്‌വേ നിരയിലെ എല്ലാവരെയും എറിഞ്ഞിടുകയായിരുന്നു.
ബൗളര്‍മാരായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചത്. ഷെവ്‌റോണ്‍സ് നിരയിലെ മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ ഇന്ത്യന്‍ ബൗളിങ് നിരയുടെ ചൂടറിഞ്ഞപ്പോള്‍ സിംബാബ്‌വേ സ്‌കോര്‍ 189ല്‍ ഒതുങ്ങി.
മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി ദീപക് ചഹറും പ്രസിദ്ധ് കൃഷ്ണയും അക്‌സര്‍ പട്ടേലും തിളങ്ങിയപ്പോള്‍ ബാക്കിയുള്ള വിക്കറ്റ് സിറാജും പിഴുതു. കുല്‍ദീപ് യാദവിന് മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് ലഭിക്കാതിരുന്നത്.
ഏഴ് ഓവറില്‍ 27 റണ്‍സ് വഴങ്ങി ചഹര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ 7.3 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു അക്‌സര്‍ പട്ടേല്‍ മൂന്ന് പേരെ പുറത്താക്കിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ എട്ട് ഓവറില്‍ അമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ശേഷിക്കുന്ന വിക്കറ്റ് സിറാജും പിഴുതെടുത്തു. നാലാമനായി ഇറങ്ങിയ സീന്‍ വില്യംസിനെ ഒറ്റ റണ്ണിനാണ് സിറാജ് പുറത്താക്കിയത്.
ബൗളര്‍മാരുടെ ആക്രമണത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍, വ്യത്യസ്തമായ രീതിയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ക്ക് അഭിനന്ദനമറിയിച്ചത്.
മോഡേണ്‍ ഡേ ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ ഏറ്റവും മികച്ച ഫാക്ഷനില്‍ ഒന്നായ ‘ദി ഷീല്‍ഡി’നോട് ഉപമിച്ചായിരുന്നു റോയല്‍സ് ഇന്ത്യന്‍ ബൗളര്‍മാരെ വരവേറ്റത്. തങ്ങളുടെ ഐക്കോണിക് പോസില്‍ നില്‍ക്കുന്ന ഷീല്‍ഡ് മെമ്പര്‍മാരുടെ തലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മുഖം ചേര്‍ത്തുവെച്ചായിരുന്നു രാജസ്ഥാന്‍ റോയല്‍സ് വിജയമാഘോഷിച്ചത്.
ഷീല്‍ഡ് താരങ്ങളായ ഡീന്‍ ആംബ്രോസിന്റെ തലയുടെ സ്ഥാനത്ത് ദീപക് ചഹറും റോമന്‍ റെയ്ങ്‌സിന്റെ തലയില്‍ പ്രസിദ്ധ് കൃഷ്ണയും സേഥ് റോളിന്‍സിന്റെ സ്ഥാനത്ത് അക്‌സര്‍ പട്ടേലുമാണ് റോയല്‍സ് പങ്കുവെച്ച ചിത്രത്തിലുളളത്.
ട്രിപ്പിള്‍ ത്രെറ്റ് ഇന്‍ ഹരാരെ എന്ന ക്യാപ്ഷനമൊപ്പമായിരുന്നു റോയല്‍സിന്റെ ട്വീറ്റ്.
സംഭവം കളറായതോടെ ആരാധകര്‍ അതേറ്റെടുക്കുകയായിരുന്നു.
ഇതാദ്യമായിട്ടല്ല രാജസ്ഥാന്‍ റോയല്‍സിന്റെ പോസ്റ്റില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഐ.പി.എല്ലിനിടെ ഒരു മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റോയല്‍സിന്റെ സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലറിനെയും ഷെംറോണ്‍ ഹെറ്റ്‌മെയറിനെയും ബ്രദേഴ്‌സ് ഓഫ് ഡിസ്ട്രക്ഷന്‍ എന്നറിയപ്പെടുന്ന അണ്ടര്‍ടേക്കറിനോടും കെയ്‌നിനോടും ഉപമിച്ചായിരുന്നു റോയല്‍സ് അഭിന്ദിച്ചത്.