രാജ്യത്ത് ടാക്‌സില്ലാത്ത എന്തെങ്കിലും ഒരു സാധനമുണ്ടെങ്കില്‍ അത് മതമാണ്; ജി.എസ്.ടി നിരക്ക് വര്‍ധനയ്‌ക്കെതിരെ ബി.ജെ.പിക്ക് മറുപടിയുമായി രാജസ്ഥാന്‍ മന്ത്രി
ജയ്പൂര്‍: രാജ്യത്ത് ജി.എസ്.ടി നിരക്കില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മന്ത്രി പ്രതാപ് ഖചാരിയവാസ്. ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലാത്ത എന്തെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജി.എസ്.ടി നിരക്ക് ഉയര്‍ത്തുന്നതിലൂടെ ബി.ജെ.പി സാധാരണക്കാരന്റെ ജീവിതത്തിലേക്ക് അമിത ഭാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ജി.എസ്.ടി ഉയര്‍ത്തുന്നതിലൂടെ ബി.ജെ.പി വലിയ അപരാധമാണ് ചെയ്യുന്നത്. ഇത് പാവപ്പെട്ടവരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണ്. സാധാരണക്കാരന്റെ നിത്യഭക്ഷണമായ തൈരിന് പോലും ബി.ജെ.പി ജി.എസ്.ടി കൊണ്ടുവന്നിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.
‘ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് എല്ലാത്തിനും ജി.എസ്.ടിയായി. ഇങ്ങനെ നോക്കുമ്പോള്‍ രാജ്യത്ത് ജി.എസ്.ടി ഇല്ലാത്ത ഒരേയൊരു സാധനം മതമാണ്. കാരണം ബി.ജെ.പിക്ക് ജനങ്ങള തമ്മില്‍ ഭിന്നിപ്പിക്കണമെങ്കില്‍ അവര്‍ക്ക് മതം ആവശ്യമാണ്. അത് വെച്ചല്ലേ അവര്‍ക്ക് വോട്ട് കിട്ടുന്നതും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് ഉയര്‍ന്നുവരുന്ന ജി.എസ്.ടി നിരക്കുകളെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ഒരു വശത്ത് വിലക്കയറ്റം ഇന്ത്യയിലെ പൗരന്മാരുടെ നട്ടെല്ലൊടിക്കുകയാണ്, മറുവശത്ത് കേന്ദ്ര സര്‍ക്കാര്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ജി.എസ്.ടി നിരക്ക് ഉയര്‍ത്തി സാധാരണക്കാരനെ വീണ്ടും പ്രയാസപ്പെടുത്തുകയാണ് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. ജി.എസ്.ടി പിന്‍വലിക്കണമെന്നും പദ്ധതി തെറ്റാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
നിരവധി പദ്ധതികളിലൂടെ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തില്‍ നിന്ന് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത് ദല്‍ഹി സര്‍ക്കാര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോലികളില്ലാത്ത രാജ്യത്ത് സാധാരണക്കാരന്റെ മുന്‍പിലേക്ക് ജി.എസ്.ടി ഉയര്‍ത്തുക കൂടി ചെയ്യുകയാണ് കേന്ദ്രം ചെയ്യുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മികച്ചതായിരുന്ന ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെയൊക്കെ നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേന്ദ്രം കാണിച്ചു തരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഛണ്ഡീഗഡില്‍ കഴിഞ്ഞ മാസം നടന്ന രണ്ട് ദിവസത്തെ ജി.എസ്.ടി കൗണ്‍സിലിന്റെ 47-ാമത് യോഗത്തിലാണ് ജി.എസ്.ടി നിരക്കുകള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മൈദ, പാല്‍, തൈര്, പനീര്‍ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും, അരി ഗോതമ്പ് എന്നിവ ഉള്‍പ്പെടെ പാക്ക് ചെയ്യാത്തവയും അഞ്ച് ശതമാനമെന്ന നിരക്കിന് കീഴില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു യോഗം. സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പ്രതിദിനം ആയിരം രൂപയോ അതില്‍ താഴെയോ ഈടാക്കുന്ന ഹോട്ടലുകള്‍ എന്നിവ 12% എന്ന നിരക്കിന് കീഴില്‍ വരുമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Rajasthan minister slams bjp’s renewed gst list