എല്ലാകാലത്തും ആ എഴുത്തുകാരന്റെ ദൗര്‍ബല്യമാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍: രാജസേനന്‍
Entertainment
എല്ലാകാലത്തും ആ എഴുത്തുകാരന്റെ ദൗര്‍ബല്യമാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍: രാജസേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th November 2024, 2:21 pm

മലയാളത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രാജസേനന്‍. കടിഞ്ഞൂല്‍ കല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, മേഘസന്ദേശം തുടങ്ങിയ ഹിറ്റി ചിത്രങ്ങള്‍ അദ്ദേഹം അണിയിച്ചൊരുക്കി. രാജസേനന്‍ – ജയറാം കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വലിയ വിജയം നേടിയിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ തിളങ്ങി നിന്നിരുന്ന രാജസേനന്‍ രണ്ടായിരത്തിന് ശേഷം തുടര്‍ പരാജയങ്ങളും നേരിട്ടിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും രാജസേനന്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ഒടുവില്‍ ഉണ്ണികൃഷ്ണനെക്കുറിച്ച് സംസാരിക്കുകയാണ് രാജസേനന്‍. സ്വഭാവിക അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന് രാജസേനന്‍ പറഞ്ഞു. മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്നേ കുട്ടന്‍ നായര്‍ എന്ന കഥാപാത്രം ഒടുവിലിനെക്കൊണ്ട് ചെയ്യിക്കാമെന്ന് രഘുനാഥ് പലേരി തന്നോട് പറഞ്ഞിരുന്നുവെന്ന് രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

രഘുനാഥ് പലേരിയുടെ ദൗര്‍ബല്യമാണ് ഒടുവില്‍ ഉണ്ണികൃഷ്ണനെന്നും അദ്ദേഹമില്ലാതെ ഒരു സിനിമ രഘുനാഥ് പലേരിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു. കഥാനായകനില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ വിളിക്കണ്ടെന്ന് താന്‍ ആദ്യം തീരുമാനിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹമില്ലാതെ കഥ മുന്നോട്ട് പോകാത്ത സ്ഥിതിയായെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു രാജസേനന്‍.

‘പല എഴുത്തുകാരുടെയും ദൗര്‍ബല്യമാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ പുള്ളിയെ ഒരു ക്യാരക്ടറായി സങ്കല്പിച്ച് കഴിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ മാറിക്കിട്ടും. മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങിയപ്പോള്‍ തന്നെ രഘുനാഥ് പറഞ്ഞത് ‘കുട്ടന്‍ നായരുടെ ക്യാരക്ടര്‍ ഒടുവിലിനെക്കൊണ്ട് ചെയ്യിക്കാം’ എന്നായിരുന്നു. രഘുവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍.

അദ്ദേഹമില്ലാതെ ഒരു സിനിമ പോലും രഘുവിന് ചിന്തിക്കാന്‍ കഴിയില്ല. എനിക്കും അതേ അനുഭവമുണ്ടായിട്ടുണ്ട്. കഥാനായകനിലേക്ക് ആദ്യം ഒടുവിലിനെ വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ ശങ്കുണ്ണി എന്ന കഥാപാത്രത്തെപ്പറ്റി എഴുതിത്തുടങ്ങിയപ്പോള്‍ എങ്ങനെയോ അദ്ദേഹത്തെ സങ്കല്പിക്കേണ്ടി വന്നു. അത്തരം നടന്മാര്‍ മലയാളത്തില്‍ കുറവാണ്,’ രാജസേനന്‍ പറഞ്ഞു.

Content Highlight: Rajasenan saying Oduvil Unnikrishnan was the biggest weakness of Raghunath Paleri