Entertainment
ഡാര്‍ലിങ് ലൂക്കില്‍ പ്രഭാസ്, പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 15, 03:00 am
Monday, 15th January 2024, 8:30 am

തെലുങ്കില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് പ്രഭാസ്. 2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന പ്രഭാസ് 2005ല്‍ പുറത്തിറങ്ങിയ ഛത്രപതി എന്ന സിനിമയിലൂടെ സൂപ്പര്‍താരമായി മാറി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രഭാസ് 2015ല്‍ റിലീസായ ബാഹുബലിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറി. പോയ വര്‍ഷം പുറത്തിറങ്ങിയ പ്രഭാസിന്റെ സലാര്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ചു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ മലയാളത്തില്‍ നിന്ന് പൃഥ്വിരാജും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സലാറിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാജാസാബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ മാരുതിയാണ്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലുങ്കിയൊക്കെ ഉടുത്ത് നാടന്‍ ഗെറ്റപ്പിലാണ് പ്രഭാസിന്റെ ഫസ്റ്റ് ലുക്ക്.

ശൈലജ റെഡ്ഡി അല്ലുഡു, മഞ്ചിറോജുലുചെ, പക്കാ കൊമേഴ്‌സ്യല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രാജാസാബ്. എസ്.തമന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയാണ്.

പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വ പ്രസാദും വിവേക് കുച്ചിബോട്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് അഭിനേതാക്കളോ കുറിച്ചോയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല.

Content Highlight: Rajasaab First look poster released