നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി-ട്വന്റി മത്സരം നടക്കാനിരിക്കുകയാണ്. ഓസീസുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
എന്നാല്‍ നവംബര്‍ 26 കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ മഴയ്ക്ക് 55% സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരത്തിന് മുമ്പ് തന്നെ മഴയും ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇത് മത്സരത്തെ ബാധിക്കാന്‍ ഇടയുണ്ടെന്നും ആക്വാവെതര്‍ അറിയിച്ചു. ഇതനുസരിച്ച് 55 ശതമാനം മഴയ്ക്കും 11 ശതമാനം ഇടിമിന്നലിനും സാധ്യതയുണ്ട്. താപനില പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുകയും എന്നാല്‍ ഏറ്റവും കുറവ് 25 ഡിഗ്രി സെല്‍ഷ്യസ് ആകും.
2023 ലോകകപ്പിലെ ഇന്ത്യ- നെതര്‍ലാന്‍ഡ്‌സ് സന്നാഹ മത്സരത്തില്‍ കാര്യവട്ടത്ത് മഴ പെയ്തത് മൂലം ആരാധകര്‍ക്ക് വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് മഴയുടെ സാധ്യത കണക്കിലെടുക്കേണ്ടതുണ്ട്. ഭാഗികമായ മഴയാണെങ്കില്‍ പോലും മത്സരം ആവേശകരമായി തുടരും എന്ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കമ്മിറ്റിയും അറിയിച്ചിരുന്നു.
വിശാഖപട്ടണത്ത് വച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ 20 ഓവറില്‍ 208 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനുവേണ്ടി ജോഷ് ഇംഗ്ലീസ് 50 പന്തില്‍ നിന്നും 110 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 41 പന്തില്‍ 52 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രസീത് കൃഷ്ണക്കും രവി ബിഷ്ണോയിക്കും ഓരോ വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജോസ് ഇംഗ്ലീസ് എട്ട് സിക്സറുകളും 11 ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ അനാവശ്യമായ റണ്‍ഔട്ടിലൂടെ ഗയ്ക്വദിനെ നഷ്ടപ്പെട്ടപ്പോള്‍ ശേഷം ക്രീസില്‍ വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. 42 പന്തില്‍ നിന്നും 80 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവച്ചു. ഇന്ത്യന്‍ അവസാനമാകുമ്പോഴേക്കും വീണ്ടും റണ്ണൗട്ടുകള്‍ വില്ലന്‍ ആയപ്പോള്‍ റിങ്കു സിങ് ആണ് ഇന്ത്യയെ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി വിജയത്തില്‍ എത്തിച്ചത്.
Content Highlight: Rain likely in India’s second T20 match at Kariyavattam Green Field Cricket stadium