പാലക്കാട്: ഹ്രസ്വകാലയളവില്‍ യു.ജി.സി/ പി.എസ്.സി അംഗീകൃത ബിരുദം നേടാമെന്ന പരസ്യം ചെയ്ത് അംഗീകാരമില്ലാത്ത ഇതരസംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ ബിരുദം നല്‍കി തട്ടിപ്പ് നടത്തുന്ന സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്.
പട്ടാമ്പി പാലക്കാട് റോഡില്‍ സേവന ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന ആദംസ്(ADAMS) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നസ്ഥാപനത്തിലാണ് പട്ടാമ്പി പൊലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ കലിംഗ യൂണിവേഴ്‌സിറ്റി, രബീന്ദ്രനാഥ ടാഗോര്‍ യൂണിവേഴ്‌സിറ്റി, ഐ.ഐ.ഇ തുടങ്ങിയ യു.ജി.സി-പി.എസ്.സി അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തു.
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ ഹ്രസ്വ കാലയളവില്‍ യു.ജി.സി- പി.എസ്.സി എന്നിവയുടെ അംഗീകാരമുള്ള ബിരുദം സ്വന്തമാക്കാം എന്ന് ആളുകളെ പരസ്യം ചെയ്ത് കബളിപ്പിച്ച് വന്‍ തുക ഫീസ് വാങ്ങിയായിരുന്നു ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
വിദ്യാര്‍ത്ഥികളുടെ പരാതിയുടെയും ലഭിച്ച രഹസ്യവിവരങ്ങളുടെയും അതിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പട്ടാമ്പി സ്വദേശി മിദ്ലാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍വിട്ടു. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സനീഷ്. ടി, ശ്രീകുമാര്‍. സി, ശിവദാസ് കെ. കെ, സി.പി.ഒമാരായ ഷമീര്‍, ആഗ്നസ്, സുനന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.