Kerala News
ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ: പരാതി നല്‍കി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 11, 06:34 am
Monday, 11th November 2024, 12:04 pm

പത്തനംതിട്ട: പത്തനംതിട്ട സി.പി.ഐ.എം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ സി.പി.ഐ.എം പരാതി നല്‍കി. പേജ് ഹാക്ക് ചെയ്തുവെന്ന സി.പി.ഐ.എമ്മിന്റെ പരാതി ഇ-മെയില്‍ മുഖേനയാണ് പത്തനംതിട്ട എസ്.പിക്ക് നല്‍കിയത്.

പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്.പി അറിയിച്ചു.

സി.പി.ഐ.എമ്മിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതിന് ശേഷം പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പരാതി.

പേജിന്റെ അഡ്മിന്‍ ചുമതലയിലുണ്ടായിരുന്ന ആളുകള്‍ തന്നെയാണ് മാങ്കൂട്ടത്തിലിന്റെ വീഡിയോ പ്രചരിപ്പിച്ചതെന്നും ഹാക്കിങ് അല്ല എന്നതരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു.

പേജ് ഹാക്ക് ചെയ്തതാണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തതെന്ന വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് സി.പി.ഐ.എം എസ്.പിക്ക് പരാതി നല്‍കുന്നത്.

സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിലാണ് ‘പാലക്കാട് എന്ന സ്‌നേഹവിസ്മയം’ എന്ന അടിക്കുറിപ്പോടുകൂടി വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ നീക്കം ചെയ്തിരുന്നു.

Content Highlight: Rahul Mankoothil’s campaign video on CPIM Facebook page: CPIM lodges complaint