'വെറുമൊരു പദവിയല്ല, വലിയ ഉത്തരവാദിത്വം'; പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി
national news
'വെറുമൊരു പദവിയല്ല, വലിയ ഉത്തരവാദിത്വം'; പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2024, 10:23 pm

ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യാ സഖ്യത്തിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. നിങ്ങളുടെ ശബ്ദമായി മാറുകയും നിങ്ങളുടെ താത്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുകയും ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തമാണ്,’ എന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ ആയുധമാണ്. അതിനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

‘നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാകും. ഞാന്‍ നിങ്ങളുടേതാണ്,’ എന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും രാഹുല്‍ ഹസ്തദാനം നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കയും നേരത്തെ മോദി ഉയര്‍ത്തിയ ഒരു ചോദ്യം ആളുകള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ, ആജ് തക് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘കോന്‍ രാഹുല്‍’ എന്ന് മോദി ഉയര്‍ത്തിയ ചോദ്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. ഈ ചോദ്യത്തിന് മോദിക്കിപ്പോള്‍ ഉത്തരം കിട്ടിയില്ലേ എന്നായിരുന്നു പ്രധാന വിമര്‍ശനം. കഴിഞ്ഞ ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ഇതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

Content Highlight: Rahul Gandhi thanked for the leadership of the opposition