ന്യൂദല്‍ഹി: ഗോവയുടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു വര്‍ഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തില്‍ ഞാന്‍ അതീവ ദുഖിതനാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
“ഒരു വര്‍ഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തില്‍ ഞാന്‍ അതീവ ദുഖിതനാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ബഹുമാനിക്കപ്പെട്ട അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാന്‍ പങ്കു ചേരുന്നു” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം.
I am deeply saddened by the news of the passing of Goa CM, Shri Manohar Parrikar Ji, who bravely battled a debilitating illness for over a year.
Respected and admired across party lines, he was one of Goa’s favourite sons.
My condolences to his family in this time of grief.
— Rahul Gandhi (@RahulGandhi) March 17, 2019
രോഗബാധിതനായിരിക്കെ പരീക്കറിനെ രാഹുല്‍ ഗാന്ധി ഗോവയിലെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. മോദി സര്‍ക്കാറിന്റെ വിവാദമായ റഫാല്‍ കരാര്‍ ഒപ്പു വെച്ചതും മനോഹര്‍ പരീക്കര്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ ആയിരുന്നു. രാഹുല്‍ ഗാന്ധിയും പരീക്കറും റഫാല്‍ വിഷയത്തില്‍ മുമ്പ് വാഗ്വാദങ്ങളിലേര്‍പ്പെടുകയും ചെയ്തിരുന്നു.
പ്രാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികില്‍സയില്‍ കഴിഞ്ഞ മനോഹര്‍ പരീക്കര്‍ 63ാം വയസ്സിലാണ് അന്തരിച്ചത്. മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായും 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു അദ്ദേഹം.
Also Read ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു
മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമായ അവസ്ഥയിലാണെന്ന് നേരത്തെ ഗോവ വിധാന്‍ സഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പരീക്കറിനു പകരം മറ്റൊരാളെ കണ്ടെത്തുമെന്നും ലോബോ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു എന്നാണ് പരീക്കറുടെ മുഴുവന്‍ പേര്. ഗോവ മപുസയില്‍ 1955ല്‍ ജനിച്ച പരീക്കര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഐ.ഐ.ടി ബോബെയില്‍നിന്ന് ബിരുദം നേടി. വിദ്യാഭ്യാസത്തിനൊപ്പം ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു പരീക്കര്‍.
ഭാരതീയ ജനതാപാര്‍ട്ടിയുടെ ഗോവയിലെ മുഖമായിരുന്ന മനോഹര്‍ പരീക്കര്‍ നിര്‍ണായക നീക്കങ്ങളിലൂടെ, സംസ്ഥാനത്ത് തുടര്‍ച്ചയായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച നേതാവാണ്.