ധനകാര്യ കമ്മീഷന് മേല്‍ നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
national news
ധനകാര്യ കമ്മീഷന് മേല്‍ നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 7:57 pm

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതങ്ങള്‍ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

സംസ്ഥാനങ്ങളിലുടനീളമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാക്കി മാറ്റാനുള്ള ശ്രമമാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും നടത്തുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടികുറയ്ക്കുന്നതില്‍ ധനകാര്യ കമ്മീഷന് മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നികുതി വിഹിതം 42 ശതമാനമാക്കാനുള്ള കമ്മീഷന്റെ ശുപാര്‍ശ മോദി തള്ളിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ വൈ.വി. റെഡ്ഡിക്ക് മേല്‍ നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം.

അതേസമയം മോദിയുടെ സമ്മര്‍ദത്തിന് ധനകാര്യ കമ്മീഷന്‍ വഴങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്‍ ഇതിനു വഴങ്ങാതിരുന്നതോടെ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാരിന് മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നീതി ആയോഗിന്റെ സി.ഇ.ഒ ആയിരുന്ന ബി.വി.ആര്‍. സുബ്രഹ്‌മണ്യമാണ് ബജറ്റുമായി ബന്ധപ്പെട്ട് അണിയറയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ ധനകാര്യ കമ്മീഷന്റെ ചെയര്‍പേഴ്‌സണായ വൈ.വി. റെഡ്ഡിയുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് സുബ്രഹ്‌മണ്യമായിരുന്നു.

Content Highlight: Rahul Gandhi says reports that Narendra Modi has put pressure on the Finance Commission are shocking