'ഞാന്‍ ഈ പോരാട്ടം നിര്‍ത്തില്ല, തളരില്ല, നിങ്ങള്‍ ഒരുമിച്ചുണ്ടായാല്‍ മതി'; രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി
india news
'ഞാന്‍ ഈ പോരാട്ടം നിര്‍ത്തില്ല, തളരില്ല, നിങ്ങള്‍ ഒരുമിച്ചുണ്ടായാല്‍ മതി'; രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 5:02 pm

 

ബെംഗളൂരു: രാജ്യത്തെ തികച്ചും സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനാണ് ഭാരത് ജോഡോ യാത്രയുമായി താന്‍ നടക്കാനിറങ്ങിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഈ യാത്രയില്‍ തളരില്ലെന്നും ജനങ്ങള്‍ ഒപ്പമുണ്ടായാല്‍ ഇന്ത്യയെ ഒന്നിപ്പിക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചിരിക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘എന്തുകൊണ്ടാണ് ഇന്ത്യയിലൂടെ നമ്മള്‍ ജോഡോ യാത്ര ചെയ്യുന്നത്? രാജ്യത്തെ ഒന്നിപ്പിക്കാന്‍. എന്തുകൊണ്ടാണ് നമ്മള്‍ കിലോമീറ്ററുകള്‍ നടക്കുന്നത്? നിങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍. എന്തിനാണ് രാവിലേയും വൈകുന്നേരവും ആളുകള്‍ ഞങ്ങളോടൊപ്പം നടക്കുന്നത്? രാജ്യത്തിന് വേണ്ടി.

രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്വേഷവും ഇന്ന് സാധാരണക്കാരുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ യാത്ര കടന്നുപോകുന്ന നഗരത്തിലേയും ഗ്രാമത്തിലെയും ആളുകള്‍ അവരുടെ പ്രശ്‌നങ്ങള്‍ എന്നോട് പറയുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്തിനാണ് രാവിലെയും വൈകുന്നേരവും ജനങ്ങള്‍ ഞങ്ങളോടൊപ്പം നടക്കുന്നത്? നമ്മുടെ രാജ്യത്തെ പൂജ്യത്തില്‍ നിന്ന് ഉയരാന്‍ വേണ്ടിയിട്ടാണത്.

നമ്മുടെ കര്‍ഷകര്‍ അതിനെ ഏറ്റെടുക്കുന്നുണ്ട്. യുവാക്കള്‍ അതിനെ ശക്തിപ്പെടുത്തുന്നുണ്ട്. സ്ത്രീകളും മുതിര്‍ന്നവരുമാണ് അതിനെ നയിക്കുന്നത്. നമ്മുടെ കുട്ടികളും ഈ പോരാട്ടത്തിന്റെ ഭാഗമാണ്. നമ്മുടെ നാട് ഒരുമിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാനാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇത് പോസിറ്റിവിറ്റി വര്‍ധിപ്പിക്കേണ്ട സമയമാണ്, സ്‌നേഹം-അനുകമ്പ-ദയ-ഐക്യം-സൗഹാര്‍ദം ഇവ മുന്‍നിര്‍ത്തി പരസ്പരം പിന്തുണയ്ക്കണം.

ഞാന്‍ ഈ പോരാട്ടം നിര്‍ത്തുകയില്ല, ഞാന്‍ തളരില്ല എന്നത് നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു, നിങ്ങള്‍ ഒരുമിച്ചുനടന്നാല്‍ മതി.

ആരെയും ഭയക്കേണ്ടതില്ല, ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് നമ്മള്‍ നമ്മുടെ ഇന്ത്യയെ സ്‌നേഹത്തോടെയും ക്ഷമയോടെയും ഒന്നിപ്പിക്കും,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വ്യാഴാഴ്ച കേരള പര്യടനം പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗുണ്ടല്‍പേട്ടിലെ ചാമരാജനഗരത്തില്‍ കര്‍ണാടക പി.സി.സി വലിയ വരവേല്‍പ്പാണ് യാത്രക്ക് നല്‍കിയത്.