രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി സ്‌പീക്കർ
national news
രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി സ്‌പീക്കർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 10:25 am

ന്യൂദൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി. ലോക്സഭയിൽ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഹിന്ദു’ പരാമർശമാണ് സഭാരേഖകളിൽ നിന്ന് നീക്കിയത്.

ഇത് കൂടാതെ അഗ്നിവീർ പദ്ധതിയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളും സ്പീക്കർ ഓം ബിർല നീക്കം ചെയ്തു.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ ബി.ജെ.പി വൻ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.

ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെൻ്റിനുള്ള അഗ്നിവീർ പദ്ധതിയെയും രാഹുൽ ഗാന്ധി വിമർശിച്ചു. അഗ്നിവീർ സർക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആൻഡ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ട് ഗാന്ധിയുടെ ആരോപണത്തെ തള്ളി.

രാഹുൽ ഹിന്ദുമതത്തെ മുഴുവൻ അപമാനിച്ചെന്നാരോപിച്ച് മോദിയടക്കമുള്ളവർ രംഗത്തെത്തി. രണ്ട് തവണ ഇടപെട്ട മോദിയെ കൂടാതെ, ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഗാന്ധിയുടെ പ്രസംഗത്തിൽ കുറഞ്ഞത് അഞ്ച് കാബിനറ്റ് മന്ത്രിമാരെങ്കിലും ഇടപെട്ടു.

ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.ഇതിനു പിന്നാലെയായിരുന്നു പരാമർശം രേഖകളിൽ നിന്ന് നീക്കിയത്.

Content Highlight: Rahul Gandhi’s remarks on Agniveer, minorities expunged by Lok Sabha Speaker