'അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച സിസ്റ്റത്തിന്റെ കൂട്ടായ പരാജയം'; ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ രാഹുല്‍
national news
'അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച സിസ്റ്റത്തിന്റെ കൂട്ടായ പരാജയം'; ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 2:32 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുരക്ഷിതമല്ലാത്ത നിര്‍മാണത്തിനും നാഗരാസൂത്രണത്തിനും ജനങ്ങള്‍ ജീവന്‍ വില നല്‍കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിലവില്‍ കോച്ചിങ് സെന്ററിന് മുമ്പിലായി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കനക്കുകയാണ്.

‘ദല്‍ഹിയിലെ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുല്‍ അനുശോചനം അറിയിച്ചത്.


അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സിസ്റ്റത്തിന്റെ കൂട്ടായ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത്തരം അനാസ്ഥകള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരായ പൗരന്മാരാണെന്നും സുരക്ഷിതമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയേതരമായി പ്രതിഷേധം ഉയര്‍ത്തുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി ഒരു നേതാക്കളും ദല്‍ഹിയിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിരിക്കുന്നത്.

സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയുണ്ടായി. ദല്‍ഹി പി.സി.സി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിന് നേരെ വിദ്യാര്‍ത്ഥികള്‍ കൂകിവിളിക്കുകയും വെള്ള കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കത്തിലായതിന് പിന്നാലെ പി.സി.സി അധ്യക്ഷന്‍ സ്ഥലത്തുനിന്ന് പിന്മാറുകയും ചെയ്തു.

ശനിയാഴ്ച രാത്രിയാണ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിനാണ് മരിച്ച മലയാളി. സംഭവത്തില്‍ ദല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം പഴിചാരുന്ന അവസ്ഥയാണ് ദല്‍ഹിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Content Highlight: Leader of the Opposition Rahul Gandhi reacted to the incident of three students drowning at the Civil Service Coaching Centre