ശ്രീനഗര്‍: ഭാരത് ജോഡോ യാത്ര ഒരു തുടക്കം മാത്രമാണെന്നും, ബി.ജെ.പിയും ആര്‍.എസ്.എസും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി.
ജോഡോ യാത്രക്ക് ശേഷം വീണ്ടുമൊരു യാത്ര മനസിലുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കശ്മീരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നതു ശരിയാണെന്നും, എന്നാല്‍ ആര്‍.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.
‘ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു ഈ യാത്ര. ലക്ഷക്കണക്കിന് മനുഷ്യരെ കണ്ടു. അവരുടെ സ്‌നേഹവും കരുത്തും അനുഭവിച്ചു. നിരവധി കാര്യങ്ങള്‍ പഠിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ സാധാരണക്കാരാണ് യാത്രയുടെ ഭാഗമായത്. അങ്ങനെ നോക്കുമ്പോള്‍ ഇതു ഇന്ത്യന്‍ യാത്രയാണ്.
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മറ്റൊരു യാത്രയെ കുറിച്ച് എനിക്കൊപ്പം നടന്നവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അത്തരമൊരു യാത്ര എന്റെ മനസിലുണ്ട്.
എന്റെ പൂര്‍വികര്‍ കശ്മീരില്‍ നിന്ന് അലഹാബാദിലേക്കു ചേക്കേറിയവരാണ്. അവര്‍ അന്ന് സഞ്ചരിച്ച വഴിയിലൂടെയുള്ള പിന്‍നടത്തമാണ് ഞാന്‍ നടത്തിയത്. ഞാന്‍ കുടുംബത്തിലേക്കാണ് നടന്നെത്തിയതെന്ന് പറയാം,’ രാഹുല്‍ പറഞ്ഞു.
അഞ്ച് മാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര ഇന്ന് അവസാനിക്കും. ജമ്മു കശ്മീര്‍ പി.സി.സി ഓഫീസില്‍ രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.
സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. എന്നാല്‍, ജെ.ഡി.യു, ജെ.ഡി.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികള്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
136 ദിവസം പിന്നിട്ട് 4,080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പര്യവസാനത്തിലേക്കെത്തുന്നത്. 2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനായിരുന്നു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.