ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരപ്പിച്ച ബജറ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ തന്റെ ഇഷ്ടക്കാരായ കുത്തക മുതലാളിമാര്‍ക്ക് ഇന്ത്യയുടെ ആസ്തികളെല്ലാം കൈമാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.
‘ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുന്നതിനെക്കുറിച്ച് മറന്നേക്കൂ, പക്ഷെ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ എല്ലാ ആസ്തികളും അദ്ദേഹത്തിന്റെ കുത്തക മുതലാളി സുഹൃത്തുക്കള്‍ക്ക് കൈമാറിയിരിക്കുകയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.പി.സി.എല്ലിന് പുറമെ ഐ.ഡി.ബി.ഐ ബാങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകളുടെയും എല്‍.ഐ.സിയുടെയും ഓഹരികള്‍ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനെ വിമര്‍ശിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ചെറുകിട വ്യവസായങ്ങളെയും കര്‍ഷകരെയും തൊഴിലാളികളെയും സഹായിക്കുന്നതായിരിക്കണം ബജറ്റ് എന്നും ആരോഗ്യ രംഗവും ഇന്ത്യയുടെ പ്രതിരോധ മേഖലയും പരിഗണിച്ച് കൊണ്ടുള്ള ബജറ്റായിരക്കണമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നുമാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അഭിപ്രായപ്പെട്ടത്. കൊവിഡ് വാക്‌സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
എന്നാല്‍ ബജറ്റ് അവതരണത്തിന് മുമ്പ് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തി. കര്‍ഷകസമരത്തെ ചൊല്ലിയായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക