കോഴിക്കോട്: മമ്മൂട്ടി നായകനായി സോണി ലിവിലൂടെ പുറത്തിറങ്ങിയ ‘പുഴു’വിനെതിരെ രാഹുല്‍ ഈശ്വര്‍. ചിത്രം ബ്രാഹ്മണവിരോധം ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നും ബ്രാഹ്മണരെല്ലാവരും മോശക്കാരാണെന്ന് കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ ആരോപണം.
കര്‍ണാടകയിലെ ടെക്സ്റ്റ് ബുക്കില്‍ നിന്നും ശ്രീ നാരായണ ഗുരുവിനേയും തന്തൈ പെരിയാറിനേയും ഒഴിവാക്കിയതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയിക്കിടെയാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം പറയുന്നത്.
‘എല്ലാ സമുദായങ്ങളിലും തീവ്ര സ്വരക്കാരുണ്ട്. ഇന്നലെ ഗോഡ്‌സേയുടെ ജന്മദിനമാണ്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ ലൈനുള്ള വ്യക്തിയാണ്. ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. തീവ്ര ബ്രാഹ്മണിക്കല്‍ ഷോവനിസമോ തീവ്ര വലതുപക്ഷവാദമോ അംഗീകരിക്കുന്നവരല്ല.
പക്ഷേ പുഴു എന്ന സിനിമയിലടക്കം ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ’, രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
സിനിമയിലെ ഒരു രംഗത്തില്‍ ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
‘പുഴുവില്‍ ഒരു രംഗമുണ്ട്. അതിലെ കഥാപാത്രം പറയുന്നത് വേണമെങ്കില്‍ എസ്.സി, എസ്.ടി ആക്ടിന്റെ പേരില്‍ ഒരു കേസ് അങ്ങോട്ട് തരാം. അതായത് വേണമെങ്കില്‍ ഞാനൊരു കള്ളക്കേസ് ഫയല്‍ ചെയ്യാമെന്ന്.
ഇദ്ദേഹത്തിന്റെയും എന്റെ സുഹൃത്ത് പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് പലപ്പോഴും എസ്.സി, എസ്.ടി കോസിനോടുള്ള അവഗണന തന്നെയാണ്. അല്ലെങ്കില്‍ എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗവുമാണെന്ന് നമ്മള്‍ മറക്കരുത്.
എല്ലാ മതത്തിലൂം തീവ്രസ്വഭാവക്കാരുള്ളത് പോലെ ഞങ്ങളുടെ സമുദായത്തിലും ഉണ്ട്. ശ്രീ മമ്മൂട്ടി അത് ഗംഭീരമായി തന്നെ അഭിനയിച്ചിട്ടുമുണ്ട്. പക്ഷെ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. കാരണം ഏറ്റവുമധികം ഈ സവര്‍ണ ഷോവനിസത്തെ എതിര്‍ത്ത രാമസ്വാമി നായ്ക്കരുടെ പേരും രാമന്‍ എന്നുതന്നെയാണ്,’ രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഇപ്പോല്‍ ജാതി മാറി കല്യാണം കഴിച്ചതിന്റെ പേരില്‍ ആരും ആരെയും കൊല്ലാന്‍ പോവുന്നില്ലെന്നും, തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും ദുരഭിമാനക്കൊലകള്‍ ഉണ്ടാകാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
പുഴു സിനിമയിലെ രാഷ്ട്രീയം ഒരു രാഷ്ട്രീയ പ്രൊപ്പഗാണ്ടയായി മാറിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Rahul Easwar criticize Puzhu movie says its showcase Anti Brahminism