ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; ടീമിനൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹമുണ്ടാകില്ല
Cricket
ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; ടീമിനൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹമുണ്ടാകില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd August 2022, 12:07 pm

 

ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായ രാഹുല്‍ ദ്രാവിഡിന് കൊവിഡ് പോസീറ്റീവായെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ് ഈ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.എ.ഇലേക്ക് സഞ്ചരിക്കുന്ന ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഉണ്ടാകില്ല.

രോഹിത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം യു.എ.ഇയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എന്നാല്‍ ദ്രാവിഡ് അവരുടെ കൂടെയില്ല. നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ദ്രാവിഡിന്റെ അസാന്നിധ്യം വലിയ നഷ്ടമുണ്ടാക്കും. ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് അന്താരാഷ്ട്ര ഗ്രൗണ്ടിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. അവസാനമായി ഇരുവരും 2021 ട്വന്റി-20 ലോകകപ്പിലാണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്തിരുന്നു. ആ ഒരു നാണക്കേടിന് പകരം ചോദിക്കാനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.

എന്നാല്‍ ടീമിന്റെ പുതിയ പദ്ധതിയുടെ പ്രധാന തന്ത്രശാലിയായ ദ്രാവിഡ് ഇല്ലാതെ എന്താണ് പ്ലാന്‍ ചെയ്യാന്‍ പോകുന്നതെന്ന് കണ്ടറിയണം. മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

നേരത്തെ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായിരുന്നു. അദ്ദേഹം ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ പേസ് ബൗളര്‍മാര്‍. നാലാം പേസറായി ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്.

മുതുകിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു ബുംറയെ ടീമിലുള്‍പ്പെടുത്താതെന്ന് ബി.സി.സി.ഐ ഒഫീഷ്യല്‍ അറിയിച്ചിരുന്നു. ഏഷ്യാ കപ്പില്‍ കളിപ്പിച്ച് അദ്ദേഹത്തിന്റെ പരിക്കിന്റെ അളവ് കൂട്ടാന്‍ താല്പര്യമില്ലെന്നായിരുന്നു ബി.സി.സി.ഐ പറഞ്ഞത്. ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ അദ്ദേഹം ടീമില്‍ അത്യാവശ്യമാണെന്നും ബി.സി.സി.ഐ പറഞ്ഞിരുന്നു.

രാഹുല്‍ ദ്രാവിഡ് ഇല്ലാത്ത സാഹചര്യത്തില്‍ വി.വി.എസ്. ലക്ഷമണായിരിക്കും ഇന്ത്യന്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുക. ദ്രാവിഡ് ഇല്ലാതിരുന്ന അയര്‍ലന്‍ഡ് പരമ്പരയിലും കഴിഞ്ഞ ദിവസം അവസാനിച്ച സിംബാബ്‌വെ പരമ്പരയിലും ലക്ഷമണായിരുന്നു ഇന്ത്യയുടെ കോച്ച്.

Content Highlight: Rahul Dravid is Tested Positive for covid 19 and Might miss Asia Cup