22ാം വയസില്‍ നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഇവനിലൂടെയും അഫ്ഗാനിസ്ഥാന് സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങാം
Sports News
22ാം വയസില്‍ നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഇവനിലൂടെയും അഫ്ഗാനിസ്ഥാന് സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 9:16 am

അഫ്ഗാനിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക ബൈലാറ്ററല്‍ സീരീസ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് ഹസ്മത്തുള്ള ഷാഹിദിയും സംഘവും പരമ്പര സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 177 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ സിംഹങ്ങള്‍ ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 134ന് പുറത്തായി.

സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 110 പന്ത് നേരിട്ട് 105 റണ്‍സ് നേടിയാണ് ഗുര്‍ബാസ് പുറത്തായത്.

ഈ സെഞ്ച്വറി നേട്ടത്തോടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഗുര്‍ബാസിനായി. ഏകദിന ഫോര്‍മാറ്റില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഗുര്‍ബാസ് സ്വന്തമാക്കിയത്. അഫ്ഗാന്‍ ലെജന്‍ഡ് മുഹമ്മദ് ഷഹസാദിനെ മറികടന്നുകൊണ്ടാണ് ഗുര്‍ബാസ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്തിയത്.

ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറിയാണ് തന്റെ 22ാം വയസില്‍ ഗുര്‍ബാസ് സ്വന്തമാക്കിയത്.

ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

റഹ്‌മാനുള്ള ഗുര്‍ബാസ് – 42 – 7

മുഹമ്മദ് ഷഹസാദ് – 84 – 6

ഇബ്രാഹിം സദ്രാന്‍ – 33 – 5

റഹ്‌മത് ഷാ – 109 – 5

മത്സരത്തില്‍ ഗുര്‍ബാസിന് പുറമെ അസ്മത്തുള്ള ഒമര്‍സായിയും റഹ്‌മത് ഷായും മികച്ച പ്രകടനം പുറത്തെടുത്തു. ഒമര്‍സായ് 50 പന്തില്‍ 86 റണ്‍സ് നേടിയപ്പോള്‍ 66 പന്തില്‍ 50 റണ്‍സാണ് ഷായുടെ സമ്പാദ്യം.

മൂവരുടെയും കരുത്തില്‍ അഫ്ഗാന്‍ തങ്ങളുടെ ഏകദിന ചരിത്രത്തിലെ മികച്ച സ്‌കോറുകളിലൊന്ന് പടുത്തുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്കും മികച്ച തുടക്കം തന്നെ ലഭിച്ചു. ക്യാപ്റ്റന്‍ തെംബ ബാവുമയും ടോണി ഡി സോര്‍സിയും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് സൗത്ത് ആഫ്രിക്കക്ക് പിഴച്ചത്. 73/0 എന്ന നിലയില്‍ നിന്നും 105/5 എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണു. പിന്നാലെയെത്തിയവരും വന്നതുപോലെ തിരിച്ചുനടന്നപ്പോള്‍ സൗത്ത് ആഫ്രിക്ക മത്സരവും പരമ്പരയും അടിയറവ് വെച്ചു.

47 പന്തില്‍ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാവുമയാണ് ടോപ് സ്‌കോറര്‍. ടോണി ഡി സോര്‍സി 31 റണ്‍സും നേടി. ഇരുവരുമടക്കം നാല് പേര്‍ മാത്രമാണ് പ്രോട്ടിയാസ് നിരയില്‍ ഇരട്ടയക്കം കണ്ടത്.

അഫ്ഗാനിസ്ഥാനായി റാഷിദ് ഖാന്‍ അഞ്ച് വിക്കറ്റ് നേടി. ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ് വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് റാഷിദ് അഞ്ച് വിക്കറ്റ് നേടിയത്.

റാഷിദിന് പുറമെ നംഗേലിയ ഖട്ടോരെയും തിളങ്ങി. നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ശേഷിച്ച ക്യാപ്റ്റന്‍ ബാവുമയെ ഒമര്‍സായിയും മടക്കി.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പര അഫ്ഗാനിസ്ഥാന്‍ 2-0ന് ലീഡ് ചെയ്യുകയാണ്. ഞായറാഴ്ചയാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content highlight: Rahmanullah Gurbaz becomes Afghanistan’s highest ODI century scorer