നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, കവി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ആളാണ് റഫീഖ് അഹമ്മദ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അനവധി മികച്ച മലയാള ഗാനങ്ങളുടെ വരികള്‍ റഫീഖ് അഹമ്മദിന്റെതാണ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2012ല്‍ റിലീസായ ചിത്രമാണ് ഡയമണ്ട് നെക്ലെയ്‌സ്. ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍, അനുശ്രീ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. വിദ്യാസാഗറിന്റെ സംഗീതത്തിന് റഫീഖ് അഹമ്മദാണ് വരികളെഴുതിയത്.
ഡയമണ്ട് നെക്ലെയ്‌സിലെ നിലാമലരെ എന്ന ഗാനത്തിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്ക് വെക്കുകയാണ് റഫീഖ് അഹമ്മദ്. സാധാരണ ഒറ്റക്കിരുന്നു മാത്രം എഴുതുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഈ ഗാനം ചെയ്യുമ്പോള്‍ വിദ്യാസാഗറിന്റെ ട്യൂണിന് അപ്പപ്പോള്‍ തന്നെ വരികളെഴുതുകയായിരുന്നെനും അദ്ദേഹം പറയുന്നു.
‘സാന്ത്വനം, ഉറപ്പ്, കൈപിടിക്കല്‍ അല്ലെങ്കില്‍ ഞാന്‍ നിന്റെ കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസമൊക്കെയാണ് ആ പാട്ടിലൂടെ പറയാന്‍ ശ്രമിച്ചത്. വിദ്യാസാഗര്‍ എന്ന് പറയുന്നത് വളരെ മാജിക്കല്‍ ആയിട്ടുള്ളൊരു മനുഷ്യനാണ്. പെട്ടന്നായിരിക്കും അദ്ദേഹം ട്യൂണുകളൊക്കെ ഉണ്ടാകുന്നത്. ഒന്നല്ല ഒട്ടനവധി ട്യൂണുകള്‍ ഒരേ സമയം ഉണ്ടാക്കും.
അദ്ദേഹത്തിന്റെ മുന്നിലിരുന്നുകൊണ്ടാണ് ഈ പാട്ട് എഴുതുന്നത്. സാധാരണ അങ്ങനെ ചെയ്യുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒറ്റക്കിരുന്നാലേ എനിക്ക് എഴുതാന്‍ പറ്റു. ഇതങ്ങനെ ഉണ്ടായ പാട്ടല്ല, പെട്ടന്നുണ്ടായതാണ്. അദ്ദേഹം ട്യൂണ്‍ തരുന്നതിനോടൊപ്പം തന്നെ ഞാന്‍ വരികളും എഴുതിപോകുകയായിരുന്നു. വളരെ അത്ഭുതകരമായ രീതിയില്‍ വന്ന പാട്ടാണത്.
തൊട്ട് തൊട്ട് തൊട്ട് നോക്കാമോ എന്ന ഗാനവും ഇതുപോലെ ഉണ്ടായതാണ്. ഞാനും എന്റെ ഒരു സുഹൃത്തായ തമിഴ് കവിയും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടും പേരും കൂടിയാണ് ആ പാട്ടെഴുതിയത്. അദ്ദേഹം തമിഴ് ഭാഗത്തിനുള്ള വരികളെഴുതും. ഞാന്‍ മലയാളം ഭാഗത്തിനുള്ളതും,’ റഫീഖ് അഹമ്മദ് പറയുന്നു.