Tennis
ഇത് തനിയാവര്‍ത്തനം; വീണ്ടും തീമിനെ വീഴ്ത്തി നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടമണിഞ്ഞു
പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സ്പാനിഷ് താരം റാഫേല്‍ നദാല്‍. ലോക നാലാം നമ്പറായ ഡൊമിനിക് തീമിനെ മൂന്നുമണിക്കൂര്‍ ഒരുമിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍: 6-3, 5-7, 6-1, 6-1.
കഴിഞ്ഞവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണ. കഴിഞ്ഞവര്‍ഷവും തീമും നദാലും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അന്നും നദാലിനൊപ്പം വിജയം നിന്നു.
ഇത്തവണ ആദ്യ സെറ്റില്‍ തന്റെ പരിചയസമ്പത്തിന്റെ ആനുകൂല്യം മുതലെടുത്ത ലോക രണ്ടാം നമ്പര്‍ താരം, അനായാസമായി തീമിനെ കീഴടക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ തീം അട്ടിമറി നടത്തി.
എന്നാല്‍ അവിടെ വന്ന പിഴവുകളൊക്കെ പരിഹരിച്ചായിരുന്നു നദാല്‍ അടുത്ത രണ്ട് സെറ്റുകളും പിടിച്ചെടുത്തത്. അനായാസമായി ഈ രണ്ട് സെറ്റുകളും നേടി നദാല്‍ റോളന്‍ഡ് ഗാരോസിലെ തന്റെ 12-ാം കിരീടം നേടി. ഫ്രഞ്ച് ഓപ്പണ്‍ ഇത്രയധികം ലഭിച്ചിട്ടുള്ള മറ്റൊരു താരവുമില്ല.
നദാലിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് ഇനി നദാലിന് മുന്നിലുള്ളത്. ഒരു ഗ്രാന്‍സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ നദാല്‍ സ്വന്തമാക്കി.
സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലേക്കു പ്രവേശനം നേടിയത്. അതേസമയം ലോക ഒന്നാംനമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു. തീമിന്റെ വരവ്. 2015-ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയശേഷം ഫെഡറര്‍ ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടില്ല.
ഡൊമിനിക് തീമിനെ അഭിനന്ദിക്കാനാണ് താന്‍ ആദ്യം ആഗ്രഹിക്കുന്നത് എന്ന് മത്സരശേഷം റാഫേല്‍ നദാല്‍ പ്രതികരിച്ചു. ഡൊമിനിക് ഭാവിയില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടും എന്ന് ഞാന്‍ കരുതുന്നു. അയാള്‍ കഠിനാധ്വാനിയാണ്. ഈ വിജയം എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണ്. 2005ല്‍ ഇവിടെ ആദ്യമായി ഞാന്‍ ഫ്രഞ്ച് ഓപ്പണിനെത്തിയപ്പോള്‍ 2019ല്‍ ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. ഇത് വളരെ സവിശേഷമാണ് നിമിഷമാണെന്നും നദാല്‍ പറഞ്ഞു.