അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച പിണറായി വിജയന്റെ പ്രസംഗം പങ്കുവെച്ച് ബോളിവുഡ് താരം
Entertainment
അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച പിണറായി വിജയന്റെ പ്രസംഗം പങ്കുവെച്ച് ബോളിവുഡ് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th January 2024, 3:16 pm

ബോളിവുഡിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് രാധിക ആപ്‌തെ. 2005ല്‍ സിനിമാ കരിയര്‍ ആരംഭിച്ച രാധിക ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളില്‍ അഭിനയിച്ചു. 2019ല്‍ ദ വെഡ്ഡിങ് ഗെസ്റ്റ് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറി. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് അധികം സംസാരിക്കാത്ത രാധിക, കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്റ്റോറി ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ചു കൊണ്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

മതേതരത്വമാണ് ഇന്ത്യയുടെ ആത്മാവെന്ന് തുടങ്ങുന്ന പ്രസംഗമാണ് ഷെയര്‍ ചെയ്തത്. ജനാധിപത്യ റിപബ്ലിക് ഇന്ത്യയുടെ ആത്മാവ് മതനിരപേക്ഷതയാണ്. നമ്മുടെ അടയാളത്തിന്റെ ഭാഗമാണ് അത്. ഒരു മതം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും, ഒരു മതസ്ഥാപനത്തിന്റെ പരിപാടി രാഷ്ട്രത്തിന്റെ പരിപാടിയാക്കി മാറ്റുന്നത് ശരിയല്ലെന്നുമാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.

ഈയൊരു വീഡിയോ ഷെയര്‍ ചെയ്തതു വഴി രാധികയും രാമക്ഷേത്ര പ്രതിഷ്ഠക്ക് എതിരാണെന്നും ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ക്ഷണം ലഭിച്ചിട്ടും പോകാത്തതിന് മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

Content Highlight: Radhika Apte shared the speech of Pinarayi vijayan about Ram Mandir