100 കോടിക്ക് മുകളില്‍ ചെലവ്; മാധവന്റെ 'റോക്ക്ട്രീ' തിയേറ്ററുകളിലേക്ക്
Film News
100 കോടിക്ക് മുകളില്‍ ചെലവ്; മാധവന്റെ 'റോക്ക്ട്രീ' തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th February 2022, 11:25 pm

ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘റോക്കട്രി- ദി നമ്പി എഫ്ക്ട്’ റിലീസിനൊരുങ്ങുകയാണ്. ജൂലായ് ഒന്നിനാണ് ചിത്രം ലോകവ്യാപകമായി റിലീസിനെത്തുക. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുഗ്, കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റം നടത്തിയ സിനിമയില്‍ നമ്പി നാരായണനായി മാധവനാണ് എത്തുന്നത്.

ഇതിനു പുറമേ ഷാരൂഖ് ഖാനും, സൂര്യയും ചിത്രത്തിലെത്തുന്നുണ്ട്. സിമ്രാനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

മാധവനാണ് ചിത്രത്തിന്റെ രചനയും സംവിധാനാവും നിര്‍വഹിക്കുന്നത്. ഫിലിസ് ലോഗന്‍, വിന്‍സെന്റ് റിയോട്ട, റോണ്‍ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍,ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

2022 ഏപ്രില്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് തിയതി മാറ്റുകയായിരുന്നു.

മലയാളി വ്യവസായിയായ ഡോ.വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും, ആര്‍.മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ‘റോക്ക്ട്രി.’ ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവ്.

നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു.

ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്: ബിജിത്ത് ബാല, സംഗീതം: സാം സി.എസ്, പി.ആര്‍.ഒ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


Content Highlight: r-madhavan-s-rocketry-the-nambi-effect-new-release-date-announced