Kerala News
'ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സാധനങ്ങള്‍ മാത്രമായാണ് സ്ത്രീകളെ കാണുന്നത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 22, 04:49 pm
Friday, 22nd September 2023, 10:19 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായി കെ.എം. ഷാജി നടത്തിയ പരാമര്‍ശത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വെറും സാധനങ്ങള്‍ മാത്രമായാണ് സ്ത്രീകളെ കാണുന്നത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നുവെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബന്ദു പറഞ്ഞു.

‘വിദ്യാസമ്പന്നയും ബുദ്ധിമതിയും കര്‍മ്മകുശലയുമായ വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടല്‍ ശേഷിയും നേതൃപാടവവും മികച്ച നിലയില്‍ തളിയിച്ച വനിതാരത്‌നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത ‘സാധനം’ എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വെറും സാധനങ്ങള്‍ മാത്രമായാണ് സ്ത്രീകളെ കാണുന്നത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു.

മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തില്‍ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോള്‍, ആ വിരോധാഭാസത്തില്‍ സ്വബോധമുള്ളവര്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു,’ ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് വീണ ജോര്‍ജെന്നുമാണ് ഷാജിയുടെ പരാമര്‍ശം. മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ ലീഗിന്റെ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.


Content Highliht: R. Bindu against KM Shaji’s hate speech