ഇങ്ങനെയാണെങ്കില്‍ വിരമിക്കാതിരുന്നൂടേ... രണ്ട് ലോകകപ്പില്‍ സാധിക്കാത്തതിലധികം രണ്ട് മത്സരത്തില്‍ നേടി ഡി കോക്ക്
icc world cup
ഇങ്ങനെയാണെങ്കില്‍ വിരമിക്കാതിരുന്നൂടേ... രണ്ട് ലോകകപ്പില്‍ സാധിക്കാത്തതിലധികം രണ്ട് മത്സരത്തില്‍ നേടി ഡി കോക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th October 2023, 7:18 pm

ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കായി വീണ്ടും മിന്നി ക്വിന്റണ്‍ ഡി കോക്ക്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഡി കോക്ക് കയ്യടികളേറ്റുവാങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെയും ഡി കോക്ക് നൂറടിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ ഞെട്ടിക്കുന്ന പ്രകടനമാണ് പ്രോട്ടീസ് പുറത്തെടുത്തത്.

ഡി കോക്കും ക്യാപ്റ്റന്‍ തെംബ ബാവുമയും ചേര്‍ന്ന് 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 20ാം ഓവറിലെ നാലാം പന്തില്‍ ബാവുമയെ പുറത്താക്കി ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പുറത്താകുമ്പോള്‍ 55 പന്തില്‍ 35 റണ്‍സായിരുന്നു ബാവുമയുടെ സമ്പാദ്യം.

വണ്‍ ഡൗണായെത്തിയ റാസി വാന്‍ ഡെര്‍ ഡസന്‍ 26 റണ്‍സ് നേടി പുറത്തായപ്പോള്‍ നാലാം നമ്പറിലിറങ്ങിയ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

ടീം സ്‌കോര്‍ 197ല്‍ നില്‍ക്കവെയാണ് ഡി കോക്ക് പുറത്തായത്. പുറത്താകുമ്പോള്‍ ടീം ടോട്ടലിന്റെ സിംഹഭാഗവും താരത്തിന്റെ ബാറ്റില്‍ നിന്നും തന്നെയായിരുന്നു പിറന്നത്. എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 106 പന്തില്‍ 109 റണ്‍സ് നേടിയാണ് പ്രോട്ടീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായത്.

2015 ലോകകപ്പില്‍ എട്ട് ഇന്നിങ്‌സും 2019 ലോകകപ്പില്‍ ഒമ്പത് ഇന്നിങ്‌സും കളിച്ചിട്ടും ഒറ്റ സെഞ്ച്വറി പോലും നേടാന്‍ സാധിക്കാതിരുന്ന ഡി കോക്ക് 2023 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ രണ്ടാം സെഞ്ച്വറിയടിച്ചാണ് തരംഗമാകുന്നത്.

ഈ ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാനൊരുങ്ങുന്ന ഡി കോക്ക് തന്റെ ഓരോ മത്സരങ്ങളും ആസ്വദിച്ചുകളിക്കുകയാണ്. ഡി കോക്കിന്റെ മികവും പരിചയസമ്പത്തും തന്നെയാണ് പ്രോട്ടീസിനും തുണയാകുന്നത്.

ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസനും മര്‍ക്രവും ചേര്‍ന്ന് ടീമിനെ താങ്ങി നിര്‍ത്തിയ മറ്റൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 197ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 263ലാണ് പിരിയുന്നത്.

44 പന്തില്‍ 56 റണ്‍സ് നേടിയ മര്‍ക്രമിനെ പുറത്താക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു മര്‍ക്രമിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഹെന്റിച്ച് ക്ലാസന്‍ (27 പന്തില്‍ 29), മാര്‍കോ യാന്‍സെന്‍ (22 പന്തില്‍ 26), ഡേവിഡ് മില്ലര്‍ (13 പന്തില്‍ 17) എന്നിവരാണ് പ്രോട്ടീസിനായി റണ്‍സ് ഉയര്‍ത്തിയ മറ്റ് താരങ്ങള്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 311 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചത്.

ഓസ്‌ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഇതിനോടകം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. മിച്ചല്‍ മാര്‍ഷ് ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 13 റണ്‍സും നേടി മടങ്ങി. മാര്‍കോ യാന്‍സന്റെ പന്തില്‍ ക്യാപ്റ്റന്‍ തെംബ ബാവുമക്ക് ക്യാച്ച് നല്‍കി മാര്‍ഷ് പുറത്തായപ്പോള്‍ ലുന്‍ഗി എന്‍ഗിഡിയുടെ പന്തില്‍ വാന്‍ ഡെര്‍ ഡസന് ക്യാച്ച് നല്‍കിയായിരുന്നു വാര്‍ണറിന്റെ മടക്കം.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 36ന് രണ്ട് എന്ന നിലയിലാണ്. ഏഴ് പന്തില്‍ നിന്നും എട്ട് റണ്‍സുമായി സ്റ്റീവ് സ്മിത്തും റണ്‍സൊന്നും നേടാതെ മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

 

Content highlight: Quinton de Kock hits second hundred in 2023 world cup