വി.എസ് ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍സ് പരിശോധന
Daily News
വി.എസ് ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍സ് പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2016, 12:47 pm

vs-jayakumar

തിരുവനന്തപുരം:  മുന്‍ ദേവസ്വംമന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരന്‍ വി.എസ് ജയകുമാറിനെതിരായ ദ്രുതപരിശോധന വിജിലന്‍സ് ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് സെക്രട്ടറിയായ ജയകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദാച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായിരിക്കെ ലേലത്തില്‍ തിരിമറി നടത്തുകയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമുള്ള ആരോപണത്തിലാണ് അന്വേഷണം. നേരത്തെ നടത്തിയ രഹസ്യ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നത്.

തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ആശുപത്രികള്‍ വാങ്ങി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ്  അന്വേഷിക്കുക. വിജയകുമാറിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കും.

തുടര്‍ച്ചയായി രണ്ടു തവണ ജയകുമാര്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായത് ദേവസ്വം നിയമങ്ങളുടെ ലംഘനമാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. മന്ത്രി ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴും സഹോദരന്‍കൂടിയായ വി.എസ്. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോഴും ജയകുമാറായിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍.