ഫലസ്തീന് പകരം അറബ് ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ഖത്തര്‍
World News
ഫലസ്തീന് പകരം അറബ് ലീഗ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ഖത്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2020, 7:35 pm

ദോഹ: അറബ് ലീഗ് യോഗങ്ങളുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ച ഫലസ്തീന് പകരം സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഖത്തര്‍. അറബ് ലീഗിന്റെ 154ാം സെഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നാണ് ഖത്തര്‍ പിന്‍മാറിയത്. അതേ സമയം 2021 മാര്‍ച്ചു മുതലുള്ള അറബ് ലീഗിന്റെ 155ാം സെഷന്‍ അധ്യക്ഷ സ്ഥാനം തങ്ങള്‍ തന്നെ വഹിക്കുമെന്നും ഖത്തര്‍ മന്ത്രാലയം അറിയിച്ചു.

അറബ് ലീഗ് കൗണ്‍സില്‍ നിയമമനുസരിച്ച് അധ്യക്ഷസ്ഥാനം ഒരു രാജ്യത്തിന് പൂര്‍ത്തീകരിക്കാനാവാതെ പോയാല്‍ അടുത്തതായി അധ്യക്ഷ സ്ഥാനം വഹിക്കേണ്ട രാജ്യം ഈ സ്ഥാനമേറ്റെടുക്കണം.

സെപ്റ്റംബര്‍ 22 നാണ് അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും ഫലസ്തീന്‍ പിന്‍മാറിയത്. യു.എ.ഇ, ബഹ്‌റിന്‍ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. യു.എ.ഇയുടെയും ബഹ്‌റിനന്റെയും തീരുമാനത്തെ അറബ് ലീഗ് അപലപിക്കാതിരുന്നതിനെതിനു പിന്നാലെയായിരുന്നു രാജി.

വരാനിരിക്കുന്ന ആറുമാസത്തെ അറബ് ലീഗ് മീറ്റിങ്ങുകളില്‍ ഫലസ്തീനാണ് നേതൃത്വം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇനിയും സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നാണ് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞത്.

നിഷ്‌ക്രിയത്വത്തിന്റെ പ്രതീകമായി അറബ് ലീഗ് മാറിയെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് നേരത്തെ ആരോപിച്ചിരുന്നു. ബഹ്‌റിന്‍, യു.എ.ഇ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങളാണ് നിലവില്‍ ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം പുലര്‍ത്തുന്നത്.

നേരത്തെ യു.എന്നിന്റെ 75-ാമത് ജനറല്‍ അസംബ്ലി പ്രസംഗത്തില്‍ ഇസ്രഈലിനെതിരെ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമിം ഹമദ് അല്‍ താനി തുറന്നടിച്ചിരുന്നു. ഇസ്രഈല്‍ ഫലസ്തീന്‍ മേഖലയിലേക്ക് ഇസ്രഈല്‍ നടത്തുന്ന കടന്നു കയറ്റത്തെ ചൂണ്ടിക്കാണിച്ച തമീം അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥതയെയും വിമര്‍ശിച്ചു.

‘ഫലസ്തീന്‍, അറബ് ഭൂമിയിലെ തുടര്‍ച്ചയായ അധിനിവേശം, ഗാസ മുനമ്പിലെ കടുത്ത ഉപരോധങ്ങള്‍, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൈയേറ്റ നയങ്ങള്‍ തുടങ്ങിയ ഇസ്രഈല്‍ അതിക്രമങ്ങളെ നേരിടാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ അന്താരാഷ്ട്ര സമൂഹം നിലകൊള്ളുന്നു,’ ഖത്തര്‍ ഭരണാധികാരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Qatar refuses to head Arab League instead of Palestine