Kerala News
പാവറട്ടി കസ്റ്റഡി മരണം; യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍; ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 03, 02:12 pm
Thursday, 3rd October 2019, 7:42 pm

തൃശ്ശൂര്‍: പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഏറ്റിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉണ്ട്.

അതേസമയം മര്‍ദ്ദനം തന്നെയാണോ മരണകാരണമെന്ന് കുടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ പറയാന്‍ കഴിയുകയുള്ളു. രഞ്ജിത്തിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവാവിന് ആന്തരിക രക്തസ്രവം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പൊലീസിന് കൈമാറും. എന്നാല്‍ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കസ്റ്റഡിമരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ