നിലമ്പൂര്‍: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ.
കാലങ്ങളായി യു.ഡി.എഫ് അവരുടെ കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് നിരവധി ആളുകള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ മുന്‍നിരയില്‍ എത്തിയിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.വി. അന്‍വറിന്റെ പ്രതികരണം.
‘ഒരു കാലത്ത് കമ്മ്യൂണിസ്റ്റായാല്‍ അവനെ ദൈവ നിഷേധിയും തെമ്മാടിയുമായി ഇടവകകളില്‍ മുദ്രകുത്തുന്ന ഒരു കീഴ്വഴക്കം തന്നെ നിലനിന്നിരുന്നു. അല്ലെങ്കില്‍ അവിടങ്ങളിലെ കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ആ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവര്‍ക്ക് നേരേ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം എതിര്‍പ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച ആയിരക്കണക്കിന് സഖാക്കള്‍ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.
ഇന്ന് കാലം മാറി. ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്. പുരോഹിതന്മാര്‍ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. യേശുദേവന്റെ വചനങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും കമ്മ്യൂണിസവുമായി ഏറെക്കുറേ സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസിലാക്കി തുടങ്ങി. അതോടെ കുത്തക അവകാശക്കാര്‍ക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ട്. ഈ കുത്തകവല്‍ക്കരണത്തിനൊക്കെ ചെറുതല്ലാത്ത പങ്കുവഹിച്ച മനോരമയ്ക്കും ഇരിക്കപ്പൊറുതി ഇല്ലാതെയായിട്ടുണ്ട്,’ അന്‍വര്‍ പറഞ്ഞു.
ആറന്മുളയിലെ അതേഅച്ചില്‍ വാര്‍ത്തെടുത്ത തന്ത്രങ്ങള്‍ തന്നെയാണിപ്പോള്‍ തൃക്കാക്കരയിലും യു.ഡി.എഫ് പയറ്റുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.