തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എങ്ങനെയാണ് മരിച്ചതെന്ന് മുസ്‌ലീം ലീഗ് നേതൃത്വത്തോട് പി.വി അന്‍വര്‍ എം.എല്‍.എ. നിയമസഭയില്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാസാക്കിയ പ്രമേയത്തിന്മേലുള്ള നന്ദി പ്രമേയ പ്രസംഗത്തിലായിരുന്നു അന്‍വറിന്റെ ചോദ്യം.
അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ഒരു ഹരജി പോലും ഫയല്‍ ചെയ്യാന്‍ ലീഗിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ലമെന്റിലിരിക്കവേ നെഞ്ചുവേദന വന്ന് പിടഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയ അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്ന് നമുക്കാര്‍ക്കെങ്കിലും അറിയോ? ആശുപത്രിയിലേക്ക് കൊണ്ടുപോയ മക്കളെ പോലും കാണിച്ചില്ല. ഓക്‌സിജന്‍ കൊടുത്താണോ കൊടുക്കാതെയാണോ കൊന്നതെന്നറിഞ്ഞില്ല’, അന്‍വര്‍ പറഞ്ഞു.
അഹമ്മദിന്റെ മരണത്തില്‍ ഒരു അന്വേഷണം ആവശ്യപ്പെടാന്‍ ലീഗിന് എന്തുകൊണ്ടാണ് സാധിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘മോദിച്ചേട്ടന്’ ഇഷ്ടപ്പെടില്ല എന്നുള്ളത് കൊണ്ടാണെന്ന് ഇതൊന്നും ചെയ്യാതിരുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കാവി പുതപ്പിച്ച ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് കെ.ടി ജലീലോ അബ്ദുറഹ്മാനോ അല്ലെന്നും ലീഗ് എം.എല്‍.എ ഉമ്മറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസിനെ കൊണ്ടുപോയി കുളത്തിലിറക്കിയത് ലീഗാണെന്നും അന്‍വര്‍ പറഞ്ഞു.
ദേശീയ തലത്തില്‍ യെച്ചൂരിയടക്കമുള്ളവര്‍ മതേതര സഖ്യത്തിന് ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ചെന്നും അതുവഴി ഉത്തരേന്ത്യയില്‍ ജയിക്കേണ്ട പല സീറ്റിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ക്കെതിരെ മത്സരിക്കാന്‍ മുസ്‌ലീം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് മാറിയെന്ന ബി.ജെ.പി പ്രചരണത്തിന് വഴിവെച്ചത് ഈ തീരുമാനമാണെന്നും ഇതുവഴി കോണ്‍ഗ്രസിന് ജയിക്കാമായിരുന്ന 150 ഓളം സീറ്റുകള്‍ നഷ്ടമായെന്നും അന്‍വര്‍ പറഞ്ഞു.