സ്വല്പം ഭക്തിമാര്‍ഗത്തിലാവാമെന്ന് വെച്ചു; വ്യത്യസ്ത ഗെറ്റപ്പില്‍ പുഷ്പരാജ്
Entertainment
സ്വല്പം ഭക്തിമാര്‍ഗത്തിലാവാമെന്ന് വെച്ചു; വ്യത്യസ്ത ഗെറ്റപ്പില്‍ പുഷ്പരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 11:37 am

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ഗംഭീരവിജയമായി മാറിയിരുന്നു. സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനില്‍ നിന്ന് ഐക്കണ്‍ സ്റ്റാറിലേക്കുള്ള മാറ്റമായിരുന്നു പുഷ്പയിലെ പ്രകടനം. ഇതുവരെ കാണാത്ത റോ ലുക്കിലായിരുന്നു അല്ലു പുഷ്പയില്‍ വന്നത്.

രണ്ടാം ഭാഗത്തിന്റെ ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാസ് ജതറ(മാസ് ഉത്സവം) എന്ന് പേരിട്ടിരിക്കുന്ന ടീസറില്‍ ഭക്തിയുടെ പശ്ചാത്തലത്തില്‍, അര്‍ദ്ധനാരീശ്വര ഗെറ്റപ്പിലാണ് താരം ടീസറില്‍ പ്രത്യക്ഷപ്പെട്ടത്. അമ്പലത്തിന്റെ പരിസരത്തു നടക്കുന്ന ഫൈറ്റ് സീക്വന്‍സിലെ സീനുകളാണ് ടീസറിലുള്ളത്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാരെയും ടീസറില്‍ കാണിച്ചിട്ടില്ല.

ഫഹദ് ഫാസിലായിരുന്നു ആദ്യ ഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പുഷ്പ എന്ന സിന്‍ഡിക്കേറ്റ് തലവനെ നേരിടാനെത്തിയ ഭന്‍വര്‍ സിങ് ഷെഖാവത് എന്ന പൊലീസുദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. 10 മിനിറ്റ് മാത്രം സ്‌ക്രീന്‍ടൈം കൊണ്ട് ഗംഭീര കൈയടിയാണ് ഫഹദ് നേടിയത്. ഇരുവരും തമ്മിലുള്ള വലിയ പോരാട്ടത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്.

അനസൂയ ഭരദ്വാജ്, സുനില്‍, ബ്രഹ്‌മാജി, രാശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. മിറേസ്ലോ കൂബെ ബ്രസോക് ഛായാഗ്രഹണവും, റൂബന്‍, കാര്‍ത്തിക ശ്രീനിവാസ് എന്നിവര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

Content Highlight: Pushpa 2 teaser released