Film News
വിശ്രമമില്ലാത്ത പണിയാണ്, ആഗസ്റ്റ് 15ന് പുഷ്പ വരില്ല, ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 17, 04:42 pm
Monday, 17th June 2024, 10:12 pm

ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും ഗ്ലിംപ്സിനും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ബോക്സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. രണ്ടാം ഭാഗത്തിന് സൂചനയിട്ടുകൊണ്ടാണ് പുഷ്പയുടെ ഒന്നാം ഭാഗം അവസാനിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ഓഗസ്റ്റില്‍ റിലീസാകുമെന്നാണ് അറിയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് ഷൂട്ട് തീരാത്തതിനാലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുള്ളതിനാലും റിലീസ് മാറ്റിവെക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ റിലീസ് വൈകുമെന്ന് പ്രൊഡക്ഷന്‍ ടീം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ആറിന് റിലീസ് ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

റിലീസിന് മുമ്പ് തന്നെ പുഷ്പ 2വിന്റെ റൈറ്റ്‌സ് റെക്കോഡ് തുകക്കാണ് വിറ്റുപോയത്. നോര്‍ത്ത് ഇന്ത്യന്‍ റിലീസ് റൈറ്റ്‌സ് 200 കോടിക്കാണ് വിറ്റുപോയത്. ബോളിവുഡിലെ വമ്പന്‍ വിതരണക്കാരായ എ.എ ഫിലിംസാണ് നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് നേടിയത്. 250 കോടിക്ക് നെറ്റ്ഫ്‌ളിക്‌സിന് ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയതും റെക്കോഡാണ്. മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് റൈറ്റ്‌സും, സാറ്റ്‌ലൈറ്റ് റൈറ്റ്‌സും ചേരുമ്പോള്‍ റിലീസിന് മുമ്പ് തന്നെ ഏകദേശം 700 കോടിയോളം ചിത്രം നേടുമെന്നാണ് കണക്കുകൂട്ടല്‍.

ആന്ധ്രയിലെ സാധാരണക്കാരനായ പുഷ്പരാജില്‍ നിന്ന് രക്തചന്ദനക്കടത്തിന്റെ സിന്‍ഡിക്കേറ്റ് തലവനായി മാറുന്ന കഥയാണ് ഒന്നാം ഭാഗത്തില്‍. ഇതുവരെ കാണാത്ത ഗെറ്റപ്പും ഡയലോഗ് ഡെലിവറിയുമായി അല്ലുവിന്റെ പുഷ്പ ആരാധകരെ ഞെട്ടിച്ചു. താരത്തിന്റെ പഞ്ച് ഡയലോഗായ ‘തെഗ്ഗെദലേ’ ആഗോളതലത്തില്‍ ഹിറ്റായി മാറി. രാഷ്ട്രീയ, ക്രിക്കറ്റ് മേഖലകളിലെ പലരും താരത്തിനെ അനുകരിച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Content Highlight: Pushpa 2 new release date announced