മതിലുകൊണ്ട് തീരില്ല, തുടങ്ങുകയാണ്, ചെന്നിത്തലയുടെ നിലപാട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നത്: പുന്നല ശ്രീകുമാര്‍
Kerala News
മതിലുകൊണ്ട് തീരില്ല, തുടങ്ങുകയാണ്, ചെന്നിത്തലയുടെ നിലപാട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നത്: പുന്നല ശ്രീകുമാര്‍
ജംഷീന മുല്ലപ്പാട്ട്
Tuesday, 1st January 2019, 10:36 pm

തിരുവനന്തപുരം: വനിതാ മതില്‍ ഒരു തുടക്കമാണെന്നും വനിതാ മതിലിന് സംഘാടകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതികരണവും പങ്കാളിത്തവും ഉണ്ടായിട്ടുണ്ടെന്നും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മതിലിനെ തകര്‍ക്കാന്‍ ശ്രമിച്ച ചെന്നിത്തല ജാള്യത കൊണ്ടാണ് വനിതാ മതില്‍ പരാജയമാണെന്ന് പറഞ്ഞതെന്നും പുന്നല ഡൂള്‍ ന്യൂസിനോടു പറഞ്ഞു. വനിതാ മതിലില്‍ 55 ലക്ഷം സ്ത്രീകള്‍ അണിനിരന്നെന്നും മതിലു കൊണ്ട് തീരുമോ എന്ന് ചോദിച്ചവരോട് സംഘാടകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്, മതിലുകൊണ്ട് തീരില്ല, തുടങ്ങുകയാണ് എന്ന സന്ദേശമാണ് പങ്കുവെക്കാനുള്ളതെന്നും പുന്നല പറഞ്ഞു.

“കേരളത്തിന്റെ സാമൂഹിക അവസ്ഥയെ ധ്വംസിക്കുന്ന ജീര്‍ണതകളെ പ്രതിരോധിക്കാന്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്ന എല്ലാവരേയും ചേര്‍ത്തി നിര്‍ത്തികൊണ്ട് ഈ മൂവ്‌മെന്റിനെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വളരെ പോസിറ്റീവ് പ്രതികരണമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. അതുകൊണ്ട് നാടിന്റെ പൊതു താല്‍പ്പര്യത്തിനും ഇത്തരം മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള വളരെ ശക്തമായ മുന്നോട്ടു പോക്ക് ഉണ്ടാകും”- പുന്നല ശ്രീകുമാര്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.


പരാജയം സംഭവിച്ചത് കൊണ്ടുള്ള ചെന്നിത്തലയുടെ ജാള്യത മറച്ചു വെക്കാനാണ് വനിതാ മതില്‍ പരാജയമാണെന്ന് പറഞ്ഞത്. മതില്‍ തകര്‍ക്കാന്‍ നിന്ന ആള് എന്‍.എസ്.എസ് പിന്തുണച്ച അയ്യപ്പ ജ്യോതിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഫലത്തില്‍ നമ്മളെ ദുര്‍ബലപ്പെടുത്തുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന രീതിയിലുള്ള നടപടികളാണ് ചെന്നിത്തല കുറച്ചു നാളുകളായി സ്വീകരിക്കുന്നതെന്നും പുന്നല പറഞ്ഞു.

“യാഥാസ്ഥിതികരായ ഒരു ന്യൂനപക്ഷത്തിന്റെ തെരുവിലെ പ്രതിഷേധങ്ങളുടെ മുകളില്‍ നിക്കേണ്ടിയിരുന്ന കേരളത്തിലെ സ്ത്രീ സമൂഹം അവസര സമത്വവും ഭരണഘടനയുടെ തുല്യനീതി, സ്വാതന്ത്രം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തില്‍ ഉറച്ചു നിന്ന് ലോകശ്രദ്ധയിലേയ്ക്ക് വന്‍മതില്‍ തീരത്താണ് സന്ദേശം പങ്കുവെച്ചിട്ടുള്ളത്.

ഭരണഘടനയ്ക്കും സമൂഹത്തിന്റെ പൊതു താല്‍പ്പര്യത്തിനും എതിരായി തങ്ങളുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കണമെന്നു പ്രഖ്യാപിക്കുന്ന സമൂഹത്തിനെതിരെയുള്ള ഒരു പോരാട്ടമാണിത്. ആ പോരാട്ടത്തിനകത്ത് ഒരു രാഷ്ട്രീയമുണ്ട്. അത് ആത്യന്തികമായി പരിശോധിച്ചാല്‍ കേരളത്തിന്റെ സാമൂഹിക ഘടനയിലെ ഒരു പൊളിച്ചെഴുത്താണിത്.


കാരണം സവര്‍ണവിഭാഗങ്ങള്‍ ഒരു ശ്രേണീകൃത സാമൂഹ്യ അവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള അവരുടെ വ്യഗ്രതയും ഞങ്ങളെപ്പോലെ പിന്നോക്ക വിഭാഗങ്ങള്‍ നേതൃത്വം കൊടുത്തു കൊണ്ടുവന്ന ഈ മുന്നേറ്റത്തെയാണ് വര്‍ഗീയ മതിലുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. അത് പങ്കെടുക്കാതിരുന്നവരെ മഹത്വവല്‍ക്കരിക്കുനതിനു വേണ്ടിയും പങ്കെടുക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുമാണ്. പക്ഷേ അതിനെയെല്ലാം അവഗണിച്ചു കൊണ്ട് കേരളത്തിന്റെ പുരോഗമന മനസ് ഇറങ്ങിനിന്നു.

കേരളത്തിന്റെ സാമൂഹിക ഘടനയിലുള്ള ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഈ വനിതാ മതില്‍. അത് കേരളത്തിന്റെ പൊതുവിലെ രാഷ്ട്രീയത്തിലും സാമൂഹിക അവസ്ഥയിലും സംഭവിക്കുന്ന ഇനിയുണ്ടാകുന്ന പ്രതികരണങ്ങളും അതിന്റെ സമവാക്യങ്ങളിലു ഉണ്ടാകുന്ന വ്യതിയാനങ്ങളും തന്നെയാണ് ഇതിന്റെ രാഷ്ട്രീയം. അതിനെ അങ്ങനെ കാണേണ്ടതുണ്ട്.

ഇപ്പോള്‍ ഉയര്‍ത്തിയ മതില്‍ ദുര്‍ബലപ്പെട്ടാല്‍ തീര്‍ച്ചയായും ജീര്‍ണതകള്‍ വീണ്ടും വരും. അപ്പോള്‍ ഈ കൂട്ടായ്മ നിലനിര്‍ത്തിപ്പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നുണ്ട്”- പുന്നല പറഞ്ഞു.


“സായുധ പോലീസിന്റെ സാന്നിധ്യത്തില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശിക്കുന്നതു കൊണ്ട് സാങ്കേതികമായി വിധി നടപ്പാക്കി എന്നു പറയാം എന്നല്ലാതെ ശബരിമലയില്‍ ഒരു ജനാധിപത്യവല്‍ക്കരണം നടന്നു എന്ന് അവകാശപ്പെടാനാകില്ല. സമൂഹ മനസ്സിനെ പരിവര്‍ത്തപ്പെടുത്താന്‍ പറ്റുന്ന ഒരു വലിയ ആശയം പങ്കുവെക്കാലായാണ് വനിതാ മതിലിനെ കണ്ടത്. അതിനെ ജനം അങ്ങനെ തന്നെ സ്വീകരിച്ചിട്ടുണ്ട്. മതില്‍ രൂപപ്പെട്ടതു കൊണ്ട് പിറ്റേദിവസം സ്ത്രീകള്‍ കയറും എന്ന് നമ്മള്‍ കരുതേണ്ടതില്ലല്ലോ.

മതില്‍ ഇങ്ങനെ ഉയര്‍ന്നു വന്നപ്പോള്‍ യാഥാസ്ഥിക ചുറ്റുപാടില്‍ നില്‍ക്കുന്നവര്‍ ഒരു പ്രതിരോധത്തില്‍ പെട്ടിട്ടുണ്ടല്ലോ. അത് കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ വലിയ ചര്‍ച്ചക്ക് കാരണമാകും എന്നാണ് വിലയിരുത്തുന്നത്. സാമൂഹിക മാറ്റങ്ങള്‍ പെട്ടെന്ന് ഒരു സുപ്രഭാത്തില്‍ സംഭവിക്കില്ല അതിനു സമയമെടുക്കുമെന്നും” അദ്ദേഹം ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം