ചരിത്രംകുറിക്കാൻ പഞ്ചാബിന് വേണ്ടത് ഒറ്റ ജയം മാത്രം; മുംബൈയുടെ ആധിപത്യം തകർത്തെറിയാൻ അവരെത്തുന്നു
Cricket
ചരിത്രംകുറിക്കാൻ പഞ്ചാബിന് വേണ്ടത് ഒറ്റ ജയം മാത്രം; മുംബൈയുടെ ആധിപത്യം തകർത്തെറിയാൻ അവരെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th May 2024, 1:43 pm

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെയാണ് നേരിടുന്നത്. നിലവില്‍ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ചുവീതം ജയവും തോല്‍വിയുമായി പത്തു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ.

മറുഭാഗത്ത് 10 മത്സരങ്ങളില്‍ നിന്ന് ആറ് തോല്‍വിയും നാലു വിജയവും അടക്കം എട്ട് പോയിന്റോടെ എട്ടാം സ്ഥാനത്തുമാണ് പഞ്ചാബ്. പ്ലേയ് ഓഫിലേക്ക് മുന്നേറണമെങ്കില്‍ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങള്‍ എല്ലാം അതിനിര്‍ണായകമാണ്.

 

കഴിഞ്ഞ മത്സരത്തില്‍ ചെപ്പോക്കില്‍ വെച്ച് ചെന്നൈയെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് പഞ്ചാബ് കളത്തില്‍ ഇറങ്ങുന്നത്. അതേസമയം അതേ വഴിയില്‍ തിരിച്ചെത്താന്‍ ആയിരിക്കും ചെന്നൈയും ലക്ഷ്യമിടുന്നത്.

ധര്‍മ്മശാലയില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് സാധിച്ചാല്‍ ഒരു ചരിത്രനേട്ടമാണ് പഞ്ചാബിനെ കാത്തിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി മാറാന്‍ പഞ്ചാബിന് സാധിക്കും.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചതിന് പിന്നാലെ ചെന്നൈക്കെതിരെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളും വിജയിക്കുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം എത്താന്‍ പഞ്ചാബിന് സാധിച്ചിരുന്നു. ഈ മത്സരത്തിലും പഞ്ചാബിന് വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാനും പഞ്ചാബിന്റെ രാജാക്കന്മാര്‍ക്ക് സാധിക്കും.

മെയ് ഒന്നിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു പഞ്ചാബ് ജയിച്ചു കയറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Punjab Kings need one win against to csk to create a new record