national news
ദൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അംബേദ്കർ ചിത്രം നീക്കം ചെയ്തതിനെ അപലപിച്ച് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 26, 08:46 am
Wednesday, 26th February 2025, 2:16 pm

ന്യൂദൽഹി: ദൽഹിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത സംഭവത്തിൽ ബി.ജെ.പിയെ അപലപിച്ച് പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ.

പഞ്ചാബ് നിയമസഭയുടെ രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സമാപന ദിവസമാണ് പ്രമേയം പാസാക്കിയത്. കാബിനറ്റ് മന്ത്രി അമൻ അറോറയാണ് ബി.ജെ.പിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ദൽഹിയിൽ ബി.ജെ.പി മന്ത്രിമാർ അധികാരമേറ്റ ശേഷം, സർക്കാർ ഓഫീസുകളിൽ നിന്ന് അംബേദ്കറുടെ ഛായാചിത്രങ്ങൾ നീക്കം ചെയ്തതായി ധനമന്ത്രി ഹർപാൽ സിങ് ചീമ ആരോപിച്ചു.

പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത എം.എൽ.എ സുഖ്‌വീന്ദർ സുഖി, ബി.ജെ.പിയുടെ അജണ്ട ദളിതുകളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുയാണെന്ന് വിമർശിച്ചു. അംബേദ്കറുടെ ചിത്രങ്ങൾ നീക്കം നീക്കം ചെയ്തതിനെതിരെ ബി.എസ്.പി എം.എൽ.എ നച്ചതർ പാലും ബി.ജെ.പിയെ വിമർശിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതിന് ബി.ജെ.പിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന് എ.എ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തതിലൂടെ ബി.ജെ.പി അദ്ദേഹത്തെ അനാദരിച്ചു എന്ന് ദൽഹി പ്രതിപക്ഷ നേതാവ് അതിഷി വിമർശിച്ചു.

‘ബാബാസാഹിബ് അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തുകൊണ്ട് ബി.ജെ.പി അവരുടെ യഥാർത്ഥ നിറം തെളിയിച്ചിരിക്കുന്നു. മോദിക്ക് ബാബാസാഹേബിനെ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നുണ്ടോ?,’ അതിഷി മാധ്യമങ്ങളോട് പറഞ്ഞു.

 

Content Highlight: Punjab Assembly passes resolution against ‘removing’ Ambedkar portrait from Delhi govt offices