ഹൂബ്ലി: അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ചിത്രത്തിന് കര്‍ണാടകയില്‍ വന്‍ ഡിമാന്റ്. പുനീതിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കുന്നത്.
പലരും പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രത്തോടൊപ്പമാണ് പുനീതിന്റെ ചിത്രം വെക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുനീതിന്റെ ചിത്രത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് കച്ചവടക്കാരും പറയുന്നു. 200 രൂപ മുതല്‍ 2500 രൂപ വരെയുള്ള ഫ്രെയിമുകളാണ് വില്‍പനയ്ക്ക് വെച്ചിട്ടുള്ളത്.
ഇവയെല്ലാം പെട്ടെന്ന് വിറ്റഴിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമായിരുന്നു. 1800 ഓളം വിദ്യാര്‍ത്ഥികളുടെ പഠനചെലവ് താരം നേരിട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു. അതോടൊപ്പം തന്നെ സ്‌കൂളുകളും വയോജനങ്ങള്‍ക്കുള്ള അഗതി മന്ദിരങ്ങളും പുനീത് പണികഴിപ്പിച്ചിരുന്നു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.
അതോടൊപ്പം താരത്തിന്റെ ഇരുകണ്ണുകളും ദാനം ചെയ്തിരുന്നു. പുനീതിന്റെ അച്ഛന്‍ രാജ്കുമാറിന്റെയും അമ്മയുടേയും കണ്ണുകളും ദാനം ചെയ്തിരുന്നു.
അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്
ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ പുനീത്, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിരുന്നു. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.