പള്‍സര്‍ സുനിക്ക് ശരത്തിനെ അറിയാം, ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തില്‍; വെളിപ്പെടുത്തലുമായി സുനിയുടെ അമ്മ
actress attack case
പള്‍സര്‍ സുനിക്ക് ശരത്തിനെ അറിയാം, ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തില്‍; വെളിപ്പെടുത്തലുമായി സുനിയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 3:38 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തിരയുന്ന ശരത്തിനെ പള്‍സര്‍ സുനിക്ക് അറിയാമെന്ന് സുനിയുടെ അമ്മ ശോഭന. പള്‍സര്‍ സുനിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും അമ്മ പറഞ്ഞു.

‘മുമ്പ് ഒരിക്കലും സുനിയെ ഇതുപോലെ കണ്ടിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി ചികിത്സ തേടിയിരുന്നു. ദിലീപിന്റെ പേര് വെളിപ്പെടുത്തിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങള്‍ ആരംഭിച്ചത്,’ അമ്മ പറയുന്നു.

സുനിയോട് ശരത്തിനെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ അറിയാമെന്ന് പറഞ്ഞെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കാരണം. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റിയിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.

മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Pulsar Suni knows Sarath, Suni in jail under severe mental stress; Suni’s mother with revelation