ഗുജറാത്തില്‍ അത്‌ലറ്റുകളെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് പി.ടി ഉഷ
Daily News
ഗുജറാത്തില്‍ അത്‌ലറ്റുകളെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് പി.ടി ഉഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2014, 12:05 am

p.t.-usha[]ന്യൂദല്‍ഹി: ഗുജറാത്തിലെ കായികശേഷി വളര്‍ത്താനുള്ള ചുമതലയേറ്റെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം ഒളിമ്പ്യന്‍ പി.ടി ഉഷ അംഗീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് നരേന്ദ്ര മോദി പി.ടി ഉഷയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

” ഒരു വര്‍ഷം മുമ്പ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തി അത്‌ലറ്റുകളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. വഡോദരയില്‍ പരിശീലനത്തിനുള്ള നല്ല സൗകര്യങ്ങളുണ്ട്. അതിനാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.” പി.ടി ഉഷ പറഞ്ഞു.

രാജ്യത്ത് കായികമികവ് പരിപോഷിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ വിവിധരാജ്യങ്ങളില്‍ നിന്നും കായികരംഗത്ത് മികച്ച പരിചയമുള്ളവരെ തിരഞ്ഞെടുത്ത് അവരുമായി കരാറുണ്ടാക്കിയിരുന്നു. ഇവര്‍ക്ക് പരിശീലിപ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.

1986ല്‍ സിയോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണ മെഡലും ഒരു വെള്ളിമെഡലും നേടിയ താരമാണ് പി.ടി ഉഷ. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ തലനാരിഴ വ്യത്യാസത്തിനാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.