ലയണല്‍ മെസിക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം പി.എസ്.ജിയിലേക്ക്? റിപ്പോര്‍ട്ട്
Football
ലയണല്‍ മെസിക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം പി.എസ്.ജിയിലേക്ക്? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th May 2023, 3:47 pm

ലയണല്‍ മെസിക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെ പി.എസ്.ജി ക്ലബ്ബിലെത്തിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 80 മില്യണ്‍ യൂറോക്ക് സില്‍വയെ പി.എസ്.ജി സൈന്‍ ചെയ്യിക്കുമെന്ന് ഡയറോ സ്‌പോര്‍ടാണ് റിപ്പോര്‍ട്ട് ചെയ്തത്.

എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തി മെസിയെയും നെയ്മറിനെയും പി.എസ്.ജി റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വരുന്ന ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കാന്‍ മെസി താത്പര്യം പ്രകടപ്പിക്കാത്തതിനാലാണ് താരത്തിന് പകരക്കാരനെ ക്ലബ്ബിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു താരത്തിന്റെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. തുടര്‍ന്നാണ് സില്‍വയെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, പി.എസ്.ജി പതിനൊന്നാം തവണയും ലീഗ് വണ്‍ ടൈറ്റില്‍ പേരിലാക്കിയിരിക്കുകയാണ്. സ്ട്രാസ്ബോര്‍ഗിനെതിരെ നടന്ന മത്സരത്തിലാണ് പി.എസ്.ജിയുടെ ജയം. 1-1ന്റെ സമനിലയായ മത്സരത്തില്‍ പാരീസിയന്‍സ് ജയമുറപ്പിക്കുകയായിരുന്നു. ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു പി.എസ്.ജി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ലീഗ് വണ്ണില്‍ പി.എസ്.ജിക്കായി നേടിയ ഗോള്‍ നേട്ടത്തോടെ അഞ്ച് യൂറോപ്യന്‍ ലീഗുകളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന താരമായി മാറിയിരിക്കുകയാണ് മെസി. നിലവില്‍ 496 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാല്‍ഡോയുടെ റെക്കോഡ് കൂടി തകര്‍ത്തിരിക്കുകയാണ് മെസി.

പ്രധാനപ്പെട്ട അഞ്ച് യൂറോപ്യന്‍ ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതിയാണ് മെസി പേരിലാക്കിയിരിക്കുന്നത്. ബാഴ്സലോണയില്‍ 474 ലാ ലിഗ ഗോളുകള്‍, പാരീസിയിന്‍സിനായി 22 ലീഗ് വണ്‍ ഗോളുകള്‍ എന്നിങ്ങനെ 496 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

വരുന്ന ശനിയാഴ്ചയണ് പി.എസ്.ജി ജേഴ്സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങുക. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ബാഴ്സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: PSG wants to replace Lionel Messi with Bernardo Silva