യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍; പി.എസ്.സി നിയമനങ്ങള്‍ സുതാര്യമെന്ന് ചെയര്‍മാന്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.
സംസ്ഥാനത്ത് പി.എസ്.സി വഴി നടക്കുന്ന നിയമനങ്ങള്‍ സുതാര്യമാണെന്നും ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ ഗവര്‍ണറോട് വിശദീകരിച്ചു.
യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹി ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആംഡ് പൊലിസ് നാലാം ബറ്റാലിയനിലെ പരീക്ഷയിലാണ് ഉയര്‍ന്ന റാങ്ക് നേടിയത്.
ഇവരുടെ ഹാള്‍ടിക്കറ്റുകളുടേയും പരീക്ഷാ കേന്ദ്രങ്ങളുടേയും വിശദവിവരങ്ങളും പരീക്ഷാ നടത്തിപ്പ് രീതിയും ചെയര്‍മാന്‍ ഗവര്‍ണറോട് വിശദീകരിച്ചു.
ഈ പരീക്ഷയില്‍ ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പി.എസ്.സിയുടെ ഇന്റേണല്‍ വിജിലന്‍സിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
അതേസമയം, യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി.
സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒട്ടേറെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്.