തിരുവനന്തപുരം: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാര്‍ത്തയില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനോടായിരുന്നു മന്ത്രിയുടെ പരിഹാസം. നിങ്ങള്‍ കൈരളിയില്‍ നിന്നല്ലേയെന്നും ഇതിനേക്കാള്‍ വലിയ തമാശ വേറെ ഉണ്ടോ എന്നുമായിരുന്നു മുരളീധരന്‍ മറുപടി നല്‍കിയത്.
വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് അതിന്റെ ഉത്തരമൊക്കെ നിങ്ങള്‍ക്ക് കിട്ടിയില്ലേ എന്നായിരുന്നു മന്ത്രി ആവര്‍ത്തിച്ചത്.
താങ്കള്‍ക്കെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ഉണ്ടോ എന്ന ചോദ്യത്തിന് ബി.ജെ.പിയില്‍ പടയൊരുക്കമുണ്ടെന്നും എന്നാല്‍ അത് സി.പി.ഐ.എമ്മിനെതിരെയാണെന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
കേരളത്തെ കള്ളക്കടത്തുകാരുടേയും രാജ്യദ്രോഹികളുടേയും കേന്ദ്രമാക്കാനുള്ള സി.പി.ഐ.എം നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ബിജെ.പി ശക്തമായ പടയൊരുക്കത്തിലും പ്രക്ഷോഭത്തിലുമാണ്, മന്ത്രി പറഞ്ഞു.
താങ്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നതായി വാര്‍ത്തകളുണ്ടല്ലോ എന്ന ചോദ്യത്തിന് അത് നിങ്ങളൊക്കെ കൊടുക്കുന്ന വാര്‍ത്തകളല്ലേ എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രിയുടെ കാര്യത്തെ കുറിച്ച് അറിയില്ല. കാരണം പ്രധാനമന്ത്രിക്ക് കൊടുക്കുന്ന കത്തിന്റെ മറുപടി അദ്ദേഹം തരും. തന്റെ സര്‍ക്കാരിന് കീഴില്‍ ഒരു തരത്തിലുമുള്ള അഴിമതിയും സ്വജനപക്ഷപാതവും രാജ്യത്ത് എവിടേയും നടക്കാന്‍ അനുവദിക്കില്ല എന്നതാണ് മോദിയുടെ നിലപാട്. അതുകൊണ്ട് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ കൊടുക്കാം. അന്വേഷണമെല്ലാം സുതാര്യമായിരിക്കും. എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്കും അന്വേഷിക്കാം. അന്വേഷിക്കുന്ന എല്ലാവര്‍ക്കും മറുപടി കിട്ടും, വി. മുരളീധരന്‍ പറഞ്ഞു.
ഐ.ബി അന്വേഷണത്തെ ഉള്‍പ്പെടെയാണോ താങ്കള്‍ സ്വാഗതം ചെയ്യുന്നത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ആരാണ് ഐ.ബി നിങ്ങളാണോ ഐ.ബി എന്നായിരുന്നു മുരളീധരന്റെ തിരിച്ചുള്ള ചോദ്യം. ‘സുഹൃത്തേ വാര്‍ത്ത നിങ്ങളല്ലേ ഉണ്ടാക്കുന്നത്. ഞാനല്ലല്ലോ വാര്‍ത്ത തരുന്നത്. നിങ്ങളുണ്ടാക്കുന്ന വാര്‍ത്തയെ കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കുന്നതിനേക്കാള്‍ പരസ്പരം ചോദിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
വിശദീകരണം ചോദിച്ചതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ സുഹൃത്തേ നിങ്ങള്‍ ഏത് ചാനലില്‍ നിന്നാണ് എന്നായിരുന്നു മന്ത്രി തിരിച്ചു ചോദിച്ചത്. കൈരളിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ‘ഓ കൈരളിയണോ വളരെ സന്തോഷം ഇതിനേക്കാള്‍ വലിയ തമാശ വേറെ വേണ്ടല്ലോ. കൈരളിയല്ലേ കേരളത്തിലെ മുഴുവന്‍, ഇന്ത്യയിലെ മുഴുവന്‍ വാര്‍ത്ത ശേഖരിച്ചു കൊടുക്കുന്ന ആള്‍ക്കാര്‍. അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് വാര്‍ത്ത ചോദിക്കേണ്ട കാര്യമുണ്ടോ, എന്നായിരുന്നു വി. മുരളീധരന്റെ പരിഹാസം.
സ്മിത മേനോനെ മഹിളാ മോര്‍ച്ചയുടെ തലപ്പത്ത് എത്തിച്ചതിനെ കുറിച്ച് പറഞ്ഞത് എം.ടി രമേശ് തന്നെയാണ് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും മറുപടി പറയാതെ പോകുകയായിരുന്നു മുരളീധരന്‍. സ്മിത മേനോന്‍ മഹിളാ മോര്‍ച്ച വക്താവ് സ്ഥാനത്ത് എങ്ങനെ എത്തിയെന്ന ചോദ്യത്തിനും മുരളീധരന്‍ മറുപടി നല്‍കിയില്ല.
വി. മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച വിശദീകരണം തേടിയിരുന്നു. വിദേശകാര്യമന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുണ്‍ പി ചാറ്റര്‍ജിയില്‍ നിന്നും ഓഫീസ് വിശദീകരണം തേടിയത്. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
അബുദാബി മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന് വി. മുരളീധരന്‍ അനുമതി നല്‍കിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങള്‍ ലംഘിച്ചാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവര്‍ത്തകപോലുമല്ലാത്ത സ്മിതാ മോനോനെ വി. മുരളീധരന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താനല്ല അനുവാദം നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ വി. മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ മുരളീധരന്‍ നിലപാട് മാറ്റുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക