രാജസ്ഥാനില്‍ കൊള്ളസംഘാംഗത്തിന്റെ ഏറ്റുമുട്ടല്‍കൊലയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി: 20 പൊലീസുകാര്‍ക്ക് പരുക്ക്
India
രാജസ്ഥാനില്‍ കൊള്ളസംഘാംഗത്തിന്റെ ഏറ്റുമുട്ടല്‍കൊലയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി: 20 പൊലീസുകാര്‍ക്ക് പരുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2017, 8:06 am

ജയ്പൂര്‍: കൊള്ളസംഘത്തലവനായ അനന്ത്പാല്‍ സിങ്ങിന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ സംഘര്‍ഷം. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

ആക്രമണത്തില്‍ 16 പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസിനുനേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. നാഗൗറിലെ സന്‍വാര്‍ദയില്‍ ഒരു പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരുക്കേറ്റവരില്‍ പൊലീസ് സൂപ്രണ്ടിനും പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരില്‍ നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പൊലീസുകാരെ ജയ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Must Read: കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനു പങ്കുണ്ട്: ആരോപണവുമായി മണിയുടെ കുടുംബം


ജൂണ്‍ 24ന് ചുരു ജില്ലയിലാണ് അനന്ത്പാല്‍ സിങ് കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തുകൂടുകയായിരുന്നു. പൊലീസിനു മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറായിട്ടും പൊലീസ് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.

അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള പൊലീസ് ഗൂഢാലോചനയാണ് നടന്നത്. അനന്ത്പാല്‍ സിങ്ങിന്റെ മൃതദേഹം ഇതുവരെ സംസ്‌കരിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്.