അമേരിക്കയിൽ ഇസ്രഈൽ വിരുദ്ധ പ്രതിഷേധം കനക്കുന്നു; ബൈഡൻ പങ്കെടുത്ത പരിപാടിയിൽ ഫലസ്തീന്റെ കൂറ്റൻ പതാക ഉയർത്തി പ്രതിഷേധക്കാർ
World News
അമേരിക്കയിൽ ഇസ്രഈൽ വിരുദ്ധ പ്രതിഷേധം കനക്കുന്നു; ബൈഡൻ പങ്കെടുത്ത പരിപാടിയിൽ ഫലസ്തീന്റെ കൂറ്റൻ പതാക ഉയർത്തി പ്രതിഷേധക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 12:31 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്ത വൈറ്റ് ഹൗസിന്റെ പരിപാടി നടന്ന കെട്ടിടത്തിന് പുറത്ത് ഫലസ്തീന്റെ കൂറ്റന്‍ പതാക ഉയര്‍ത്തി ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധക്കാര്‍. വൈറ്റ് ഹൗസ് കറന്‍സ്‌പോണ്ടന്റ്‌സിന്റെ വാര്‍ഷിക പരിപാടിയിലാണ് സംഭവം.

വാഷിങ്ടണ്‍ ഡി.സിയിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് പ്രതിഷേധക്കാര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയത്. നിരവധി ഫലസ്തീന്‍ അനുകൂല ആളുകള്‍ കെട്ടിടത്തിന് സമീപത്ത് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഹില്‍ട്ടണ്‍ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്ന് ഫലസ്തീനിന്റെ കൂറ്റന്‍ പതാക ഉയര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ച ഹോട്ടലില്‍ വെച്ച് നടക്കുന്ന അത്തായവിരുന്നില്‍ ബൈഡന്‍ പങ്കെടുക്കുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ഹോട്ടല്‍ പരിസരം വളഞ്ഞത്.

വാഷിങ്ടണ്‍ ഹില്‍ട്ടണിന് പുറത്ത് പ്രതിഷേധക്കാര്‍ ഫലസ്തീനെ മോചിപ്പിക്കണമെന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തി വരുന്ന വംശഹത്യയില്‍ അമേരിക്കയും ബൈഡനും പങ്കാളികളാണെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. ഗസയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിരുന്ന് ബഹിഷ്‌കരിക്കണമെന്ന് ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഗസയിൽ ഇസ്രഈൽ നടത്തിവരുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് യു.എസിലെ ക്യാമ്പസുകളിലുടനീളം 550 വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്താലും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

അറസ്റ്റിലായവരെല്ലാം രാജ്യത്തെ പ്രധാന സർവകലാശാലകളിലെ വിദ്യാർത്ഥികളാണ്. ഹാർവാഡ്, കൊളംബിയ, യേൽ, യുസി ബെർക്ക്‌ലി ഉൾപ്പടെ യു.എസിലെ പ്രധാന സർവകലാശാലകളിലെല്ലാം സമരം ഇപ്പോഴും തുടരുകയാണ്. ഡെൻവറിലെ ഔറേറിയ ക്യാമ്പസിൽ 40 പ്രതിഷേധക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Protesters Hang Huge Palestinian Flag At Venue Of Biden’s White House Event