കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബില്‍ നിന്നിറങ്ങിയ യുവതികളെ കൂകി വിളിച്ച് പ്രതിഷേധക്കാര്‍. നീയൊക്കെ അവിടെ കയറുന്നത് കാണെട്ടെ എന്നായിരുന്നു ചിലരുടെ ആക്രോശം.
വാര്‍ത്താ സമ്മേളനം നടത്തിയ കണ്ണൂര്‍ സ്വദേശി രേഷ്മ നിഷാന്ത് ഉള്‍പ്പെടെയുള്ളവരെ കനത്ത പൊലീസ് സുരക്ഷയിലാണ് പ്രസ് ക്ലബ്ബിന് പുറത്തെത്തിച്ചത്.
പ്രതിഷേധക്കാരെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തായായിരുന്നു പൊലീസ് ഇവരെ പുറത്തേക്ക് എത്തിച്ചത്. വാര്‍ത്താ സമ്മേളനം കഴിഞ്ഞിട്ടും ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെയാണ് പൊലീസ് പ്രസ് ക്ലബിനകത്തേക്ക് കയറി ഇവര്‍ക്ക് സംരക്ഷണം നല്‍കി പുറത്തെത്തിച്ചത്.
പുറത്തിറങ്ങിയ ഇവരെ പൊലീസ് തന്നെ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു.
ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയിരിക്കുന്നെന്ന വിവരമറിഞ്ഞതിന് പിന്നാലെ നിരവധി പേരായിരുന്നു പ്രസ് ക്ലബിന് മുന്നില്‍ തടിച്ചു കൂടിയത്. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അടക്കം നാമജപ പ്രതിഷേധം നടത്തുകയായിരുന്നു.
ശബരിമലയിലേക്ക് പോകാനായി മാലിയിട്ട് വ്രതമെടുക്കുന്ന കാര്യം നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ച കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത് അടക്കമുള്ള സ്ത്രീകളാണ് കൊച്ചിയിലെത്തിയത്.
തങ്ങള്‍ക്കൊപ്പം ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത കുറച്ചു സ്ത്രീകള്‍ കൂടിയുണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമലയിലേക്ക് പോകാനായി വ്രതമെടുത്ത കാര്യം പരസ്യമാക്കിയതിനു പിന്നാലെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട നിലയിലാണ് തങ്ങള്‍. അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. മറ്റുള്ളവരെക്കൂടി ഈ സംഘര്‍ഷാവസ്ഥയ്ക്കുള്ളില്‍ വലിച്ചിഴക്കേണ്ടെന്നു കരുതിയാണ് അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും ഇവര്‍ പറഞ്ഞു.
വിശ്വാസി സമൂഹത്തിന്റെ പിന്തുണയോടുകൂടി ശബരിമലയിലേക്ക് പോകാനാണ് ആഗ്രഹം. ശബരിമലയെ കലാപഭൂമിയാക്കാന്‍ താല്‍പര്യമില്ല. നേരത്തെ പല സ്ത്രീകളും പോയതുപോലെ പമ്പവരെ പോയി മടങ്ങിവരാന്‍ താല്‍പര്യമില്ല. പൊലീസ് സുരക്ഷയില്‍ വിശ്വാസികളുടെ കൂടി പിന്തുണയില്‍ ശബരിമലയിലേക്ക് പോകാനാണ് ആഗ്രഹമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.